യാത്രാ ചാർജ് ചോദിച്ചതിൻ്റെ പേരിൽ ചേർത്തലയിൽ ഓട്ടോറിക്ഷാ ഡ്രൈവറെ ക്രൂരമായി മർദിച്ചു; മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി

ചേർത്തല: യാത്രാ ചാർജ് ചോദിച്ചതിൻ്റെ പേരിൽ ഓട്ടോറിക്ഷാ ഡ്രൈവറെ ക്രൂരമായി മർദിച്ച മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തു. മോഷണമടക്കം നിരവധി കേസുകളിൽ പ്രതികളായവരാണ് പിടിയിലായത്.

ചേർത്തല സ്റ്റേഷൻ ഓഫീസർ ജി. അരുണിന്റെ നേതൃത്വത്തിലാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. നഗരസഭ 14-ാം വാർഡ് തോപ്പുവെളി സ്വദേശി നെബു (40), കോയിതുരുത്തുവെളി സ്വദേശി ശ്യാം (39), തണ്ണീർമുക്കം 20-ാം വാർഡ് പുനത്തിക്കരി സ്വദേശി ഷിബിൻ (29) എന്നിവരാണ് റിമാൻഡിലായത്.

സംഭവം ശനിയാഴ്ച വൈകുന്നേരം നാലോടെയാണ് നടന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടം വിളിച്ചുപോയ ശേഷം, ഓട്ടോ ഡ്രൈവറായ ജിപ്സൺ സാമവുലിനെ ഓംകാരേശ്വരത്ത് റോഡരുകിൽ വെച്ച് സംഘം മർദിക്കുകയായിരുന്നു. മർദനത്തിൽ പരിക്കേറ്റ ഡ്രൈവറെ പോലീസെത്തിയാണ് ആശുപത്രിയിലാക്കിയത്. ജിപ്സൺ സാമവുൽ നൽകിയ സൂചനകളെ തുടർന്നാണ് പോലീസ് സംഘം പ്രതികളെ പിന്തുടർന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.

Related Articles

Back to top button