റെയിൽവേ സ്റ്റേഷനിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് രൂപമാറ്റം വരുത്തി വിൽക്കാൻ ശ്രമം… അഞ്ചുപേര്‍ പിടിയിൽ
തിരുവനന്തപുരം: കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് രൂപമാറ്റം വരുത്തി വിൽക്കാൻ ശ്രമിച്ച അഞ്ചുപേരെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് മോഷ്ടിച്ച വാഹനം കോട്ടയം പള്ളിയ്ക്കത്തോടിൽ എത്തിച്ച് രൂപമാറ്റം വരുത്തിയ ശേഷം മറുവിൽപനയ്ക്ക് ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. പത്തനംതിട്ട കലഞ്ഞൂർ സ്വദേശി വിഷ്ണു, കോട്ടയം പള്ളിയ്ക്കത്തോട് മുക്കോലി സ്വദേശി സന്ദീപ്, ചങ്ങനാശേരി സ്വദേശി മഹേഷ്, പള്ളിയ്ക്കത്തോട് സ്വദേശികളായ ജീവൻ, നോയൽ എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം, ചങ്ങനാശ്ശേരി, പത്തനംതിട്ട ജില്ലകളിലെ നിരവധി മോഷണക്കേസുകളിലെ പ്രതികളാണ് ഇവരെന്നാണ് പൊലീസ് നൽകുന്ന വിവരം.