രാജ്ഭവനിൽ മഞ്ഞുരുക്കം, വിരുദ്ധ അഭിപ്രായങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി..

രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ രാജഹംസിൻറെ ആദ്യ പതിപ്പിലെ ലേഖനത്തോടുള്ള വിയോജിപ്പ് ചടങ്ങിൽ പരസ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. നീണ്ട സർക്കാർ- ​ഗവർണർ പോരിനിടെ മാസികയായ രാജഹംസിൻറെ പ്രകാശനം നിർവ്വഹിക്കുന്നതിനായാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. ഭരണഘടനയിലെ ആർട്ടിക്കിൾ 200 വ്യാഖ്യാനിച്ചുകൊണ്ടുള്ള ലേഖനത്തോടാണ് മുഖ്യമന്ത്രി വിമർശനം ഉയർത്തിയത്. രാജഹംസിൻറെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിൽ നിർവ്വഹിച്ചു. ഗവർണറും മുഖ്യമന്ത്രിയും ചേർന്നാണ് നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. പ്രകാശന ചടങ്ങിൽ ഭാരതാംബ ചിത്രം ഉണ്ടായിരുന്നില്ല. നിലവിളക്ക് മാത്രമാണ് ഉണ്ടായിരുന്നത്. മാസിക ശശി തരൂരിന് നൽകിക്കൊണ്ടാണ് മുഖ്യമന്ത്രി പ്രകാശന കർമം നിർവ്വഹിച്ചത്.

സർക്കാരിന് പിന്തുണക്കുന്നതോ അല്ലാത്തതുമായ ലേഖനങ്ങൾ മാസികയിൽ വരാമെന്നും അത്തരം അഭിപ്രായങ്ങൾ ലേഖകന്റേത് മാത്രമാണെന്നും മാസിക പ്രകാശനം ചെയ്ത് കൊണ്ടുള്ള പ്രസം​ഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. വിരുദ്ധ അഭിപ്രായങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തില്ല. ആദ്യ പതിപ്പിലെ ലേഖനത്തിൽ ഗവർണറുടെ അധികാരങ്ങളും സർക്കാരിൻ്റെ അധികാരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ലേഖകൻ രേഖപ്പെടുത്തിയിരിക്കുന്നത് സർക്കാരിൻ്റെ അഭിപ്രായമല്ല. അത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കാം. അത് രാജ്ഭവന്റെ പേരിൽ വരുന്നു എന്ന് കരുതി അത് സർക്കാരിൻ്റെ അഭിപ്രായമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്ഭവനുകളുടെ പേര് ലോക് ഭവൻ എന്ന് മാറ്റണമെന്ന് ചടങ്ങിൽ ശശി തരൂർ പറഞ്ഞു. രാജ് ഭവൻ ജനങ്ങളുടെ ഭവനമാവണമെന്നും അദ്ദേഹം പറഞ്ഞു. രാജ് ഭവനുകൾ ലോക ഭവൻ ആകണമെന്ന ശശി തരൂരിൻ്റെ ആവശ്യം താൻ നേരത്തെ ഉന്നയിച്ചതാണെന്നും രാഷ്ട്രപതി ഭവനിൽ 2022 ഗവർണേഴ്സ് കോൺഫറൻസിലാണ് ഇക്കാര്യം ഉന്നയിച്ചതെന്നും ​ഗവർണർ പറഞ്ഞു. കൊളോണിയലിസത്തിൻ്റ ശേഷിപ്പുകൾ കുടഞ്ഞ് കളയണം. ലോക ഭവൻ എന്ന വാക്ക് തന്നെയാണ് അന്ന് ഉന്നയിച്ചത്. അത് തന്നെ തരൂർ ഇവിടെ ആവശ്യപെട്ടതിൽ സന്തോഷമുണ്ടെന്നും ​ഗവർണർ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി പറയാതെയാണ് ഗവർണർ ചടങ്ങിൽ സംസാരിച്ചത്. മുഖ്യമന്ത്രി പറഞ്ഞതിനെക്കുറിച്ച് തരൂരിൽ നിന്ന് ചോദിച്ചു മനസ്സിലാക്കി എന്ന് മാത്രമാണ് ഗവർണർ പറഞ്ഞത്.

Related Articles

Back to top button