കരൂറിൽ മരിച്ചവരിൽ രണ്ടു ഗർഭിണികളും പിഞ്ചുകുഞ്ഞും വരെ; പ്രിയപ്പെട്ടവരുടെ വിയോഗം താങ്ങാനാവാതെ ബന്ധുക്കൾ
നടൻ വിജയ് കരൂറിൽ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരിൽ ഒന്നര വയസുള്ള കുഞ്ഞും. ഗർഭിണികളായ രണ്ടു യുവതികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ഒരു കുടുംബത്തിലെ മൂന്നുപേർ ഉൾപ്പെടെ 39 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. ഇതിൽ 38 പേരെയും തിരിച്ചറിഞ്ഞു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നിരവധിപേരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നുമാണ് റിപ്പോർട്ട്.
ഇന്നു രാവിലെ ആറുമണിയോടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിത്തുടങ്ങി. പോസ്റ്റ്മോർട്ടം പൂർത്തിയായതിന് ശേഷമാണ് മൃതദേഹം വീട്ടുകൊടുക്കുന്നത്. കരൂർ മെഡിക്കൽ കോളേജിലും പരിസരത്തും ജനങ്ങൾ അലമുറയിട്ട് കരയുകയാണ്. പ്രിയപ്പെട്ടവരുടെ വിയോഗം താങ്ങാനാവാത്ത അവസ്ഥയിലാണവർ. സംഭവത്തിൽ വിജയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
തിക്കിലും തിരക്കിലുംപെട്ട് നിരവധിപേർ മരിക്കുകയും ഒട്ടേറെ പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് വിമാന മാർഗം ചെന്നൈയിലേക്ക് പോയതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. സംഭവത്തിൽ പ്രതികരിക്കാനോ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനോ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ ആശ്വസിപ്പിക്കാനോ തയ്യാറാകാതെയാണ് താരം ചെന്നൈയിലേക്ക് പോയത്. നടന്റെ പെരുമാറ്റത്തിൽ വിമർശനം ശക്തമാകുകയാണ്. അതിനിടെ, വിജയ് എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ തന്റെ ദുഖം രേഖപ്പെടുത്തി.
തൻറെ ഹൃദയം തകർന്നുവെന്നായിരുന്നു വിജയുടെ പ്രതികരണം. ആരേയും കുറ്റപ്പെടുത്താനോ, സംഭവത്തെ കുറിച്ച് വിശദീകരിക്കാനോ തയ്യാറാകാതെ സംഭവത്തിലുള്ള തൻറെ ദുഃഖം രേഖപ്പെടുത്തുക മാത്രമാണ് വിജയ് ചെയ്തത്. ‘എന്റെ ഹൃദയം തകർന്നിരിക്കുന്നു. എനിക്ക് ഇത് താങ്ങാൻ കഴിയുന്നില്ല. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിനൊപ്പമുണ്ട്, അവരുടെ നന്മയ്ക്കായി പ്രാർഥിക്കുന്നു.’ – വിജയ് എക്സിൽ കുറിച്ചു.
അതേസമയം, മരിച്ചവരുടെ ഉറ്റവരെ ആശ്വസിപ്പിക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കരൂരിലെത്തി. ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് സ്റ്റാലിൻ കരൂർ മെഡിക്കൽ കോളേജിൽ എത്തിയത്. ആശുപത്രിയിൽ ചേർന്ന അവലോകന യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി, ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും അദ്ദേഹം സന്ദർശിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷമാണ് സ്റ്റാലിൻ മടങ്ങിയത്.
ട്രിച്ചി വിമാനത്താവളത്തിൽ നിന്നും റോഡുമാർഗമാണ് സ്റ്റാലിൻ കരൂർ മെഡിക്കൽ കോളേജിൽ എത്തിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് ഒരു ലക്ഷം രൂപ ധനസഹായം നൽകും. പരിക്കേറ്റവരിൽ ഒമ്പത് പൊലീസുകാരുമുണ്ട്. സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റിട്ട. ജഡ്ജി അരുണ ജഗദീശൻ അധ്യക്ഷയായ കമ്മിഷൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കും.