അടുത്ത മാസം കല്യാണമായിരുന്നു.. വിജയ്യെ കാണാൻ പെണ്ണും ചെക്കനും കൂടി പോയതാ..
തമിഴ്നാട്ടിൽ വിജയിയുടെ രാഷ്ട്രീയ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ മരിച്ചവരിൽ പ്രതിശ്രുത വധൂവരന്മാരും. കരൂർ സ്വദേശികളായ ആദർശും ഗോകുലശ്രീയുമാണ് മരിച്ചത്. വിജയ്യെ കാണാൻ പെണ്ണും ചെക്കനും കൂടെ പോയതാ. വിജയ്ക്കൊപ്പം സെൽഫി എടുക്കാൻ പോയതാണ് ഇരുവരും. അടുത്ത മാസം കല്യാണമായിരുന്നു. ഒരുമിച്ച് ജീവിക്കും മുന്നേ രണ്ടാളും പോയെന്ന് ബന്ധുക്കൾ പറഞ്ഞു. വൈകീട്ട് 6:30നു സംസാരിച്ചിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫായെന്ന് ബന്ധുക്കൾ പറഞ്ഞു.
തമിഴ്നാട്ടിലെ കരൂരിൽ ടിവികെ അധ്യക്ഷൻ വിജയ്യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ 38 പേരെ തിരിച്ചറിഞ്ഞു. ഒരു സ്ത്രീയുടെ മൃതദേഹമാണ് തിരിച്ചറിയാൻ ബാക്കിയുള്ളത്. 111 പേരാണ് ചികിത്സയിലുള്ളത്. 51പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്നും കരൂർ ആശുപത്രി ഡീൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിൽ 14 പേരുടെ മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി തുടങ്ങി. പരിക്കേറ്റ് ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡീൻ വ്യക്തമാക്കി. കരൂർ, നാമക്കൽ, തിരുച്ചിറപ്പള്ളി എന്നീ മൂന്ന് ജില്ലകളിൽ നിന്നുള്ള ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ആംബുലൻസുകളുമടക്കം കരൂരിലെ ആശുപത്രിയിലുണ്ട്. പോസ്റ്റ്മോർട്ടം നടപടകൾ വേഗത്തിലാക്കി മൃതദേഹങ്ങൾ വേഗത്തിൽ വിട്ടുകൊടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. പുലർച്ചെ 3.30ഓടെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു. പരിക്കേറ്റവരെയും ആശ്വസിപ്പിച്ചു. ആശുപത്രിയിൽ അവലോകന യോഗം ചേർന്ന ശേഷമാണ് സ്റ്റാലിൻ മടങ്ങിയത്. കരൂർ ദുരന്തത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.