രാജ്യത്തെ നടുക്കി വിജയ്‍യുടെ കരൂര്‍ റാലിയിൽ മഹാ ദുരന്തം; മരിച്ചത് ഒമ്പത് കുട്ടികള്‍ ഉള്‍പ്പെടെ 39 പേർ
രാജ്യത്തെ നടുക്കി ടിവികെ അധ്യക്ഷൻ വിജയ്‍യുടെ കരൂർ റാലിയിലെ മഹാദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. തിക്കിലും തിരക്കിലും പെട്ട് ഒമ്പത് കുട്ടികളും 17 സ്ത്രീകളും 13 പുരുഷന്മാരുമാണ് മരിച്ചത്. പരിക്കേറ്റ് 111 പേരാണ് ആശുപതിയിൽ ചികിത്സയിലുള്ളത്. ഇതിൽ 10 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.ഒട്ടേറെ കുട്ടികളെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇന്ന് പുലര്‍ച്ചെ കരൂരിലെത്തി. ആശുപത്രിയിൽ അവലോകന യോഗം ചേര്‍ന്നു. നടപടികള്‍ക്കുശേഷം പുലര്‍ച്ചെ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ച മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു തുടങ്ങി. തമിഴ്നാട് സര്‍ക്കാര്‍ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പുലർച്ചെ 3.25 ഓടെയാണ് കരൂരിലെത്തി മരിച്ചവർക്ക് ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു
ആശുപത്രിയിൽ ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മാധ്യമങ്ങളെ കണ്ടത്. രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ നടന്നിട്ടില്ലാത്ത സംഭവമെന്നും വിവരിക്കാനാകാത്ത ദുരന്തമെന്നും എംകെ സ്റ്റാലിൻ പറഞ്ഞു. വിജയ് യെ അറസ്റ്റ് ചെയ്യുമോ എന്ന ചോദ്യത്തിന് ആരെ അറസ്റ്റ് ചെയ്യും, ആരെ അറസ്റ്റ് ചെയ്യാനാകില്ല എന്ന് ഇപ്പോൾ തനിക്ക് പറയനാകില്ലെന്നായിരുന്നു മറുപടി. അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ എംകെ സ്റ്റാലിൻ പൊലീസ് വീഴ്ചയെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചില്ല.