മരുന്നുകളുടെ പാർശ്വഫലം; ഒൻപത് വയസുകാരിക്ക് അപൂർവ രോഗം.. ഇടപെടലുമായി സുരേഷ് ഗോപി…
കൊല്ലത്ത് അപൂർവ്വ രോഗം ബാധിച്ച ഒൻപത് വയസുകാരിക്ക് കൈത്താങ്ങുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. മരുന്നുകളുടെ പാര്‍ശ്വഫലംകൊണ്ടാണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ നിഹാനയ്ക്ക് സ്റ്റീവന്‍ ജോണ്സന് സിന്‍ഡ്രം എന്ന അപൂർവ രോഗം ബാധിച്ചത്. സംഭവം പരിശോധിച്ച് പരിഹാരം കാണാമെന്ന് സുരേഷ് ഗോപി പറഞ്ഞു.
കണ്ണനല്ലൂര്‍ തടത്തില്‍മുക്ക് സ്വദേശികളായ നിസാറിന്റെയും ബെന്‍സിലയുടെയും മകളാണ് നിഹാന. 2025 ജനുവരി 23ന് നിഹാനയെ കടുത്ത പനിയെ തുടര്‍ന്ന് കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആഴ്ച്ചകള്‍ക്ക് മുന്‍പ് പൂച്ച മാന്തിയിരുന്നു എന്ന് അറിയിച്ചതിനെ തുടര്‍ന്ന് റാബിസ് വാക്സിന് എടുത്തു. ഇത് കൂടാതെ നാല് മരുന്നുകളും ഡോക്ടര്‍മാര്‍ നല്കി. എന്നാല്‍ ഇതില്‍ ഏതോ മരുന്ന് നിഹാനയ്ക്ക് അലര്‍ജിയുണ്ടാക്കി. ഇതിലൂടെ കുട്ടിക്ക് സ്റ്റീവന്‍ ജോണ്സന് സിന്‍ഡ്രം എന്ന അപൂര്‍വ രോഗം പിടിപെടുകയായിരുന്നു.
അപൂര്‍വ്വ രോഗം പിടിപെട്ടതിന് പിന്നാലെ നിഹാനയ്ക്ക് വെളിച്ചം കാണുന്നതിന് ബുദ്ധിമുട്ടുണ്ടാവുകയും കണ്ണുനീര് ഗ്രന്ഥി ഇല്ലാതാവുകയും ചെയ്തു. കണ്ണിന് അടിയന്തരമായി സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതിന് ഭീമമായ പണം ആവശ്യമായി വന്നു. തുടർന്ന് സുരേഷ് ഗോപിയുടെ പ്രതികരണം ആരാഞ്ഞപ്പോഴാണ് എന്ത് ചെയ്യാൻ കഴിയുമെന്ന് പരിശോധിക്കാമെന്ന് കേന്ദ്രമന്ത്രി പറഞ്ഞത്. ഡോക്ടര്‍മാരുമായി സംസാരിച്ച് കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിയ ശേഷം മറ്റ് തീരുമാനങ്ങളെടുക്കാമെന്ന് സുരേഷ് ഗോപി പറഞ്ഞു. വിഷയത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജും ഇടപെട്ടു. വിഷയം അന്വേഷിക്കാൻ ചൈൽഡ് നോഡൽ ഓഫീസർക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി.