ഓപ്പറേഷൻ വനരക്ഷ’; കേരളത്തിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

സർക്കാർ ഫണ്ടുകളുടെ ദുരുപയോഗം നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ‘ഓപ്പറേഷൻ വനരക്ഷ’ എന്ന് പേര് നൽകിയിരിക്കുന്ന വിജിലൻസിന്റെ ഈ പരിശോധന രാവിലെ 11 മണി മുതൽ സംസ്ഥാനത്തുടനീളമുള്ള വനം വകുപ്പ് ഓഫീസുകളിൽ നടക്കുകയാണ്.

നിർമാണ പ്രവൃത്തികൾ, റോഡ് നിർമാണം, ട്രൈബൽ സെറ്റിൽമെന്റ് വികസന പ്രവർത്തനങ്ങൾ, ഫയർ ലൈൻ നിർമാണം, എൻ.ഒ.സി അനുവദിക്കൽ, ജണ്ട നിർമാണങ്ങൾ, സോളാർ മതിൽ നിർമാണം തുടങ്ങിയ വിവിധ പദ്ധതികളുടെ നടത്തിപ്പുകളിലും കരാർ അനുവദിക്കുന്നതിലും സംസ്ഥാന വ്യാപകമായ ക്രമക്കേടുകളും അഴിമതിയും നടക്കുന്നതായും വിജിലൻസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തുന്നത്

തിരുവനന്തപുരത്ത് പാലോട് വനം വകുപ്പ് ഓഫീസിൽ ഉൾപ്പെടെ വിജിലൻസ് സംഘം പരിശോധന നടത്തുന്നുണ്ട്. തലസ്ഥാനത്ത് നിന്നുള്ള പ്രത്യേക വിജിലൻസ് സംഘമാണ് ഇവിടുത്തെ പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. വനം വകുപ്പിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഐ പി എസിന്റെ നിർദേശ പ്രകാരമാണ് മിന്നൽ പരിശോധന നടത്തിയത്. രേഖകൾ പരിശോധിച്ച ശേഷം അന്തിമ റിപ്പോർട്ട് പുറത്തുവരുന്നതോടെ തുടർ നടപടികൾ ഉണ്ടാകുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.

വനവിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിലെ സുതാര്യത ഉറപ്പാക്കാനും അഴിമതി തടയാനും ലക്ഷ്യമിട്ടുള്ള വിജിലൻസിന്റെ ഈ ‘ഓപ്പറേഷൻ വനരക്ഷ’ വനം വകുപ്പിലെ ഉദ്യോഗസ്ഥർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. സാധാരണക്കാർക്കും വനമേഖലയോട് ചേർന്നുള്ള ജനങ്ങൾക്കും കാലതാമസം കൂടാതെ ലഭിക്കേണ്ട പല ഫയലുകളിലും ക്രമക്കേട് നടക്കുന്നുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളും വിജിലൻസിന്റെ അന്വേഷണ പരിധിയിലുണ്ട്. ബന്ധപ്പെട്ട ഫയലുകളും അടിയന്തര പ്രാധാന്യത്തോടെ വിജിലൻസ് പരിശോധിച്ച് വരികയാണ്.

Related Articles

Back to top button