‘പ്രതിനിധി സഭയിൽ ആഞ്ഞുകുത്തിയത് അയ്യപ്പ ഭക്തരുടെ നെഞ്ചിൽ’; ജി സുകുമാരൻ നായര്‍ക്കെതിരെ വ്യാപക പോസ്റ്ററുകള്‍..

സമദൂരത്തിലെ ശരിദൂരമാണ് എൻഎസ്എസിന്‍റെ ഇപ്പോഴത്തെ നിലപാടെന്ന് ഇന്നത്തെ പ്രതിനിധി സഭാ യോഗത്തിൽ നിലപാട് വ്യക്തമാക്കിയ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ക്കെതിരെ വീണ്ടും വ്യാപക പോസ്റ്ററുകള്‍. പത്തനംതിട്ടയിലും തിരുവനന്തപുരത്തുമാണ് പോസ്റ്ററുകള്‍ സ്ഥാപിച്ചത്. പത്തനംതിട്ട കലഞ്ഞൂർ എൻഎസ്എസ് കരയോഗ കെട്ടിടങ്ങൾക്ക് മുന്നിലാണ് പോസ്റ്ററുകളും ബാനറും പ്രത്യക്ഷപ്പെട്ടത്. ഇന്നത്തെ പ്രതിനിധിസഭ യോഗ തീരുമാനത്തിലൂടെ അയ്യപ്പഭക്തരെ പിന്നിൽ നിന്ന് കുത്തിയെന്നാണ് പോസ്റ്ററിലെ ആക്ഷേപം. ഇന്നത്തെ പ്രതിനിധി സഭയിൽ സുകുമാരാ നീ ആഞ്ഞു കുത്തിയത് അയ്യപ്പ ഭക്തരുടെ നെഞ്ചിലാണെന്നും ഹിന്ദു സമൂഹത്തെ പിന്നിൽ നിന്ന് കുത്തിയ സുകുമാരാ, എത്ര ന്യായം നിരത്തിയാലും നീ ഒരു കട്ടപ്പ തന്നെയെന്നുമടക്കം എഴുതിയ പോസ്റ്ററുകളാണ് കലഞ്ചൂരിൽ പതിച്ചത്

മന്നത്ത് പടുത്തുയര്‍ത്തിയ മഹാപ്രസ്ഥാനത്തെ വഞ്ചിച്ച് കാലം കഴിക്കാതെ സ്ഥാനം ഒഴിഞ്ഞു പോയ്ക്കൂടെയെന്നാണ് പോസ്റ്ററിലെ മറ്റൊരു ചോദ്യം. തിരുവനന്തപുരം നെയ്യാറ്റിൻകര കുറ്റിയാണിക്കാട് എൻഎസ്എസ് കരയോഗത്തിന് മുന്നിലും സുകുമാരൻ നായർക്കെതിരെ ബാനര്‍ സ്ഥാപിച്ചു.കുറ്റിയാണിക്കാട് നായർ സമൂഹത്തിന്‍റെ പേരിലാണ് ബോർഡ്. സുകുമാരൻ നായര്‍ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്നാണ് ആവശ്യം. ഇന്ന് രാവിലെ ജി സുകുമാരൻ നായര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പൂഞ്ഞാര്‍ ചേന്നാട് കരയോഗം ഓഫീസിന് മുന്നിലും ബാനര്‍ ഉയര്‍ന്നിരുന്നു. അയ്യപ്പ വിശ്വാസികളായ സമുദായാംഗങ്ങളെ സുകുമാരൻ നായർ പിന്നിൽ നിന്ന് കുത്തിയെന്നാണ് ബാനറിലുള്ളത്. സുകുമാരൻ നായർ പിണറായി വിജയന് പാദസേവ ചെയ്യുന്നു എന്നും വിമര്‍ശനമുണ്ട്. ആത്മാഭിമാനമുള്ള അയ്യപ്പ വിശ്വാസികളായ കരയോഗ അംഗങ്ങൾ എന്ന പേരിലാണ് ബാനര്‍.

സംഘടനയുടെ പേരിൽ ഉയരുന്ന പ്രതിഷേധങ്ങളെ തള്ളിയാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ഇന്ന് പ്രതികരിച്ചത്. എൻഎസ്എസിന്‍റെ സമദൂര നയത്തിൽ ഒരു ശരി ദൂരമുണ്ട്. സംഘടനയ്ക്ക് രാഷ്ട്രീയമില്ല. പ്രധിഷേധിക്കുന്നവരെ നേരിടാനറിയാമെന്നും എൻഎസ്എസ് തുടരുന്ന സമദൂര നിലപാടിൽ മാറ്റമില്ലെന്നും ജി സുകുമാരൻ നായർ പറ‍ഞ്ഞു. സമുദായത്തെ ഒറ്റിയ കട്ടപ്പയെന്ന പോസ്റ്ററുൾ ഉയരുമ്പോഴും പെരുന്നയിൽ ചേർന്ന പ്രതിനിധി സഭ സുകുമാരൻ നായരെ പിന്തുണച്ചു. വിശ്വാസ പ്രശ്നത്തിലെ ഇടത് ചായ് വ് യോഗത്തിലും സുകുമാരൻ നായർ ആവർത്തിച്ചു. ശബരിമല പ്രക്ഷോഭ കാലത്തെ സാഹചര്യമല്ല ഇപ്പോഴെന്നാണ് വിശദീകരണം. അതേസമയം, സംഘടനയുടെ രാഷ്ട്രീയ നിലപാട് സമദൂരം തന്നെയായിരിക്കുമെന്ന് വ്യക്തമാക്കി. പലയിടത്തും അംഗങ്ങൾ രാജിക്കത്ത് നൽകുമ്പോൾ പ്രതിനിധി സഭയുടെ പിന്തുണ സുകുമാരൻ നായർക്ക് നേട്ടമായി. അതേസമയം, വിശ്വാസപ്രശ്നത്തിൽ ഇടത് ചായ് വിൽ കോൺഗ്രസിൽ പല അഭിപ്രായമുണ്ട്. അനുനയം വേണമെന്ന് ഒരുവിഭാഗം ആവശ്യപ്പെടുമ്പോൾ എൻഎസ്എസ് അവരുടെ നിലപാട് എടുക്കട്ടെ പാർട്ടി പാർട്ടിയുടെ നിലപാടുമായി പോകട്ടെ എന്നാണ് സതീശന്‍റെ സമീപനം

Related Articles

Back to top button