അറസ്റ്റ് വാറണ്ടുമായെത്തി പൊലീസുകാർ….പ്രതി രക്ഷപ്പെടാൻ എടുത്തുചാടിയത് കുളത്തിലേക്ക്…ഒടുവിൽ…
അറസ്റ്റ് വാറണ്ടുമായെത്തിയ പൊലീസിനെ കണ്ട് കുളത്തിൽ ചാടിയ യുവാവ് അറസ്റ്റിൽ. കൊടുങ്ങല്ലൂർ എസ് എൻ പുരം സ്വദേശി വടക്കൻ വീട്ടിൽ ആഷിക്ക് (അച്ചു -34) ആണ് അറസ്‌റ്റിലായത്. യുവതിയെ സമൂഹമാധ്യമങ്ങൾ വഴി അപമാനിച്ച കേസിൽ കോടതിയിൽ വിചാരണക്ക് ഹാജരാകാതെ വന്നതോടെയാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്‌തത്. കേസിൽ ഇയാൾക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇയാൾ കൊടുങ്ങല്ലൂർ ഭാഗത്തുണ്ടെന്ന് അറിഞ്ഞ് സ്ഥലത്ത് പൊലീസ് എത്തിയപ്പോഴാണ് പ്രതി കുളത്തിലേക്ക് എടുത്തുചാടിയത്.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയുമായി ആഷിക് നേരത്തെ സൗഹൃദത്തിലായിരുന്നു. പിന്നീട് ഈ യുവതിയോട് ഇയാൾ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാൽ യുവതി പണം നൽകിയില്ല. ഇതേ തുടർന്ന് സൗഹൃദത്തിലായിരുന്ന സമയത്ത് യുവതി അറിയാതെ പകർത്തിയ ഫോട്ടോകളും വീഡിയോകളും ഒപ്പം ഇവർ തമ്മിലയച്ച സന്ദേശങ്ങളും പ്രതി പലർക്കായി അയച്ചുകൊടുത്തു. യുവതിയുടെ അമ്മയുടെയും സഹോദരിയുടെയും സുഹൃത്തുക്കളുടേയും ഫോണിലേക്കാണ് ആഷിഖ് ഇവ അയച്ചത്. സംഭവത്തിൽ യുവതി ഇരിങ്ങാലക്കുട സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.