നിലപാടിൽ ഉറച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി..
സർക്കാർ അനുകൂല നിലപാടിൽ ഉറച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി. രാഷ്ട്രീയ നിലപാട് പറഞ്ഞു കഴിഞ്ഞുവെന്നും കൂടുതലൊന്നും പറയാനില്ലെന്നും ജി സുകുമാരൻ നായർ വ്യക്തമാക്കി. ചങ്ങനാശ്ശേരി പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെ പൊതുയോഗത്തിനെത്തിയപ്പോഴായിരുന്നു ജി സുകുമാരൻ നായരുടെ പ്രതികരണം.സുകുമാരൻ നായർക്കെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പ്രതികരണം തേടിയപ്പോഴായിരുന്നു പ്രതികരണം.താൻ തൻറെ രാഷ്ട്രീയ നിലപാട് നേരത്തെ തന്നെ പറഞ്ഞതാണെന്നും പ്രതിഷേധിക്കേണ്ടവർ പ്രതിഷേധിച്ചോട്ടെയെന്നും അത് നേരിട്ടോളാണെന്നും ജി സുകുമാരൻ നായർ പറഞ്ഞു.
അതേസമയം, ജി സുകുമാരൻ നായർ രാജിവെക്കണമെന്നാവശ്യപ്പെട്ട് പൂഞ്ഞാർ ചേന്നാട് കരയോഗം ഓഫീസിന് ബാനർ കെട്ടി. അയ്യപ്പ വിശ്വാസികളായ സമുദായാംഗങ്ങളെ സുകുമാരൻ നായർ പിന്നിൽ നിന്ന് കുത്തിയെന്നാണ് ബാനറിലുള്ളത്. സുകുമാരൻ നായർ പിണറായി വിജയന് പാദസേവ ചെയ്യുന്നു എന്നും വിമർശനമുണ്ട്. ആത്മഅഭിമാനമുള്ള അയ്യപ്പ വിശ്വാസികളായ കരയോഗ അംഗങ്ങൾ എന്ന പേരിലാണ് ബാനർ.