എയിംസ് കോഴിക്കോട് വേണമെന്ന് പി ടി ഉഷ.. ആലപ്പുഴയിലെന്ന് സുരേഷ്‌ഗോപി.. ബിജെപിയിൽ തർക്കം രൂക്ഷം…

സംസ്ഥാനത്തെ എയിംസുമായി ബന്ധപ്പെട്ട് ബിജെപിയിൽ തർക്കം മുറുകുന്നു. സംസ്ഥാന സർക്കാർ കണ്ടെത്തിയ കോഴിക്കോട് തന്നെ എയിംസ് വേണമെന്ന ആവശ്യമാണ് ബിജെപി എം പി പി ടി ഉഷ ഉന്നയിച്ചത്. ഇക്കാര്യം കാണിച്ച് ബിജെപി ജില്ലാ ഘടകത്തിന്റെ അനുമതിയോടെ പി ടി ഉഷ കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.സ്ഥലം ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ പൂർത്തിയായതാണന്നും കത്തിലുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവർ എയിംസ് ആലപ്പുഴയിൽ വേണമെന്ന് ആവശ്യപ്പെടുമ്പോഴാണ് പി.ടി ഉഷ കിനാലൂരിന് വേണ്ടി കത്തയച്ചത്.

എന്നാല്‍ ആലപ്പുഴയിലോ തൃശൂരിലോ എയിംസ് വേണമെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാട്. ഇത് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആലപ്പുഴയിലോ തൃശൂരിലോ അത് നടന്നില്ലെങ്കിൽ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാൽ സുരേഷ് ഗോപിയുടെ നിലപാടിനെ പാടേ തള്ളിയാണ് സംസ്ഥാനത്തെ ബിജെപി നേതാക്കൾ രംഗത്തുവന്നത്. സുരേഷ് ഗോപിയുടെ നിലപാടിനൊപ്പം നിൽക്കാനാവില്ലെന്നായിരുന്നു സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് പറഞ്ഞത്. കേരളത്തിൽ വേണമെന്നാണ് ബിജെപി നിലപാട്. സുരേഷ് ഗോപിയുടെ കടുംപിടുത്തം അദ്ദേഹത്തോട് ചോദിക്കണം. ആ അഭിപ്രായം ഏതായാലും ബിജെപിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോഴിക്കോട് കിനാലൂരിലാണ് സംസ്ഥാന സർക്കാർ എയിംസിനായി സ്ഥലം നിർണയിച്ചിട്ടുള്ളത്. ഇതിന്റെ നടപടികൾ പുരോ​ഗമിക്കുന്നതിനിടെയാണ് എയിംസിൽ തർക്കം ഉടലെടുത്തത്. നേരത്തെ അയച്ചിരുന്ന കത്ത് വീണ്ടും കേന്ദ്ര ആരോ​ഗ്യമന്ത്രിയ്ക്ക് അയക്കുകയായിരുന്നു പിടി ഉഷ. സംസ്ഥാന സർക്കാർ നിർണയിച്ചിരിക്കുന്ന സ്ഥലത്ത് തന്നെ എയിംസ് വരണമെന്നതിൽ പിടി ഉഷ ഉറച്ചുനിൽക്കുകയാണ്.

എയിംസ് എവിടെ വേണമെന്ന് ബിജെപി തീരുമാനിച്ചിട്ടില്ലെന്നാണ് വി മുരളീധരൻ പറഞ്ഞത്. ഓരോ സ്ഥലത്തും എയിംസ് വേണമെന്ന് എല്ലാവർക്കും ആവശ്യപ്പെടാം. ബിജെപിയല്ല ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. കേന്ദ്ര – സംസ്ഥാന സർക്കാരുകളാണെന്നും വി മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ നേതാക്കൾക്കിടയിൽ അമർഷം പുകയുമ്പോഴും ആവശ്യത്തിൽ നിന്നും മാറ്റമില്ലെന്നും പറഞ്ഞതിൽനിന്നും പിന്നോട്ടു പോകില്ലെന്നുമുള്ള നിലപാടിലാണ് സുരേഷ് ഗോപി.

എയിംസ് തിരുവനന്തപുരത്ത് വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു. എന്നാല്‍ കാസർകോട് വേണമെന്ന് ജില്ലാ നേതൃത്വം ആവശ്യമുന്നയിക്കുന്നുണ്ട്. ഇതോടെ എയിംസ് വിഷയത്തില്‍ വെട്ടിലായിരിക്കയാണ് ബിജെപി.

Related Articles

Back to top button