കെജെ ഷൈനിനെതിരായ സൈബർ ആക്രമണക്കേസ്.. പൊലീസിന് വൻ തിരിച്ചടി…
സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ കെഎം ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് കെഎം ഷാജഹാന് ജാമ്യം അനുവദിച്ചത്. അറസ്റ്റിൽ പൊലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. ഷാജഹാനെതിരെ കേസെടുത്ത് മൂന്നു മണിക്കൂറിൽ അറസ്റ്റുണ്ടായെന്നും അറസ്റ്റ് ചെയ്യാൻ ചെങ്ങമനാട് സിഐയ്ക്ക് ആരാണ് അധികാരം നൽകിയെന്നും കോടതി ചോദിച്ചു. റിമാൻഡ് റിപ്പോർട്ടിൽ ലൈംഗികചുവയുള്ള ഏതെങ്കിലും വാക്ക് ഉണ്ടോയെന്നും കോടതി ചോദിച്ചു. കേസിന് ആസ്പദമായ വീഡിയോയിൽ കെ ജെ ഷൈനിനോടുള്ള ചോദ്യങ്ങളല്ലെ ഉള്ളതെന്നും കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. അതേസമയം, ഷാജഹാൻ കുറ്റങ്ങൾ ആവർത്തിക്കുകയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും കോടതി ഈ ആവശ്യം തള്ളികൊണ്ട് ജാമ്യം അനുവദിക്കുകയായിരുന്നു. കെഎം ഷാജഹാനെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്ത് തിരക്കിട്ട് അറസ്റ്റ് ചെയ്തതിന് പിന്നാലെ കോടതി ജാമ്യം അനുവദിച്ചത് പൊലീസിന് വൻ തിരിച്ചടിയാണ്.