മദ്യവില്‍പ്പന: ബെവ്കോയിൽ ഇനി തുണിസഞ്ചിയും വില്‍ക്കും…

പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് അധികവില ഈടാക്കുന്ന പദ്ധതി പരീക്ഷണഘട്ടത്തിൽ പാളിയതോടെ ബെവറജസ് കോർപ്പറേഷനിൽ പുനരാലോചന. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 വില്പനശാലകളിലാണ് സെപ്റ്റംബർ 10 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികം ഈടാക്കുന്നത്. കുപ്പി തിരിച്ചുനൽകുമ്പോൾ പണം തിരികെക്കിട്ടും. പ്ലാസ്റ്റിക് മാലിന്യനിർമാർജനമാണ് ലക്ഷ്യമെന്ന് പറഞ്ഞിരുന്നെങ്കിലും ആവശ്യമായ സൗകര്യങ്ങളൊരുക്കാത്തതും ബ്രാൻഡ്, അളവ് വ്യത്യാസമില്ലാതെ ഒറ്റയടിക്ക് 20 രൂപ കൂടിയതോടെ ഉപഭോക്താക്കളുടെ എതിർപ്പുയർന്നതുമാണ് പ്രശ്നമായത്.

കുപ്പികളിൽ പതിക്കുന്ന സ്റ്റിക്കറിന്റെ അച്ചടി നിർത്തിവെക്കാൻ കോർപ്പറേഷൻ നിർദേശം നൽകിയതോടെയാണ് പദ്ധതി നിർത്തുകയാണെന്ന സംശയമുയർന്നത്. ആവശ്യത്തിന് സ്റ്റോക്കുള്ളതുകൊണ്ട് നിർത്തിയെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതിനിടയിൽ വില്പനശാലകളിൽ മദ്യക്കുപ്പികൾ പേപ്പറിൽ പൊതിഞ്ഞുനൽകുന്നത് ഈ മാസത്തോടെ അവസാനിപ്പിക്കും. പകരം തുണിസഞ്ചി വിൽപ്പനയ്ക്കുണ്ടാവും. 15 രൂപയുടെയും 20 രൂപയുടെയും സഞ്ചിയാണ് വിൽക്കുക.

അധികവില ഈടാക്കിത്തുടങ്ങിയതോടെ ഷോപ്പുകളിൽ ഉപഭോക്താക്കളും ജീവനക്കാരും തമ്മിൽ തർക്കം പതിവാണ്. പദ്ധതി നടപ്പാക്കിയ ഷോപ്പുകളിൽ കച്ചവടം കുറഞ്ഞതായി ജീവനക്കാർ പറയുന്നു. കൺസ്യൂമർ ഫെഡിന്റെ ഷോപ്പുകളിൽ വില്പന കൂടുകയും ചെയ്തു. ആവശ്യമായ സംവിധാനങ്ങളൊരുക്കുന്നതുവരെ പദ്ധതി നിർത്തിവെക്കണമെന്ന് ഷോപ്പ് മാനേജർമാരും ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. കുപ്പി പെട്ടെന്നുതന്നെ തിരിച്ചുനൽകാനായി വില്പനശാലകളുടെ പരിസരത്ത് പരസ്യമദ്യപാനം പെരുകിയതോടെയാണ് മാനേജർമാർ പരാതിയുമായെത്തിയത്. 1130 രൂപ വേതനം നൽകിയാണ് തിരിച്ചെത്തുന്ന കുപ്പി ശേഖരിക്കാൻ ഷോപ്പുകളിൽ ആളെ വെച്ചത്. കുടുംബശ്രീ പ്രവർത്തകർ ചിലയിടത്ത് ജോലിക്കെത്തിയെങ്കിലും ഒന്നുരണ്ടുദിവസം കൊണ്ടുതന്നെ പണി മതിയാക്കി. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും പ്രയാസങ്ങൾ ചർച്ചചെയ്തുവരുന്നതായി ചെയർമാനും മാനേജിങ്‌ ഡയറക്ടറുമായ ഹർഷിത അത്തല്ലൂരി ‘ പറഞ്ഞു. പദ്ധതി തുടരും.

ജനുവരിയോടെ മുഴുവൻ വില്പനശാലകളിലേക്കും വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നതെന്നും അവർ പറഞ്ഞു. പഴയ പത്രക്കടലാസിൽ കുപ്പികൾ പൊതിഞ്ഞുനൽകുന്നത് ഒക്ടോബർ ഒന്നുമുതൽ അവസാനിപ്പിക്കണമെന്ന കർശനനിർദേശം റീജണൽ മാനേജർമാർക്കും വെയർഹൗസ് മാനേജർമാർക്കും നൽകിയിട്ടുണ്ട്

Related Articles

Back to top button