വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് പുരസ്കാരം; മേയറുടെ യുകെ യാത്രയ്ക്ക് ചെലവായത് രണ്ട് ലക്ഷം..
വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് പുരസ്കാരം സ്വീകരിക്കാൻ യുകെയിൽ പോയതിന് മേയർ ആര്യ രാജേന്ദ്രന് ചെലവായത് രണ്ട് ലക്ഷത്തോളം രൂപ. ഇന്ത്യൻ സംഘടന യുകെയിൽ നൽകിയ അവാർഡ് വാങ്ങാൻ സർക്കാർ അനുമതിയോടെ നഗരസഭയുടെ ചെലവിൽ യാത്രചെയ്തുവെന്ന വിമർശനങ്ങൾക്കിടയിലാണ് ചെലവ് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടത്. വിമാനടിക്കറ്റിന് 1.31 ലക്ഷം രൂപയും വിസയ്ക്ക് 15000 രൂപയുമാണ് ചെലവായത്. ഭക്ഷണം, താമസം ഉൾപ്പടെയുള്ളവയ്ക്കാണ് ബാക്കി തുക ചെലവായത്.
അതേസമയം കുറഞ്ഞ നിരക്കിലുള്ള ത്രീസ്റ്റാർ ഹോട്ടലിലാണ് ആര്യ രാജേന്ദ്രൻ താമസമെന്ന് അധികൃതർ അറിയിച്ചു. യാത്രയ്ക്കുള്ള പണം തനതു ഫണ്ടിൽനിന്ന് ചെലവഴിക്കാൻ കോർപറേഷന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
നഗരസഭ നടപ്പിലാക്കിയ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് അവാർഡ് യുകെ പാൽലമെന്റിൽ വേൾഡ് ബുക് ഓഫ് റെക്കോർഡ്സ് സംഘടിപ്പിച്ച ചടങ്ങിലാണ് മേയർ ഏറ്റുവാങ്ങിയത്. ചടങ്ങിനായി കഴിഞ്ഞമാസം 22നാണ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് മേയറെ ക്ഷണിച്ചത്. സുസ്ഥിര വികസനം നടപ്പാക്കിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന നിലയിലായിരുന്നു ആര്യ രാജേന്ദ്രന് പുരസ്കാരം.