വെള്ളിയുടെ ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ..

നികുതി ഇളവ് ലഭിക്കുന്ന വെള്ളി ആഭരണങ്ങളുടെ ഇറക്കുമതി കുത്തനെ വർധിച്ചതോടെ വെള്ളിയുടെ ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ. ചില ആസിയാൻ രാജ്യങ്ങളിൽ നിന്നാണ് നിയന്ത്രണമില്ലാതെ വെള്ളി ആഭരണങ്ങളുടെ ഇറക്കുമതി വൻ തോതിൽ നടക്കുന്നത്. ഇന്ത്യയിൽ ഈ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് തിരിച്ചടിയായി മാറിയ ഈ ഇറക്കുമതി നിയന്ത്രിക്കാനുള്ള ഏറെ നാളത്തെ ആവശ്യമാണ് നടപ്പിലാകുന്നത്. ഈ മേഖലയിലുള്ളവർക്ക് തിരിച്ചടിയായി മാറിയതോടെയാണ് താല്ക്കാലികമായി ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. അടുത്ത വർഷം മാർച്ച് 31 വരെ നിയന്ത്രണം തുടരും.

സ്വതന്ത്ര വ്യാപാര കരാറുകളുടെ (എഫ്ടിഎ) ദുരുപയോഗം തടയുന്നതിനും ഫിനിഷ്ഡ് ആഭരണങ്ങളുടെ മറവിൽ വൻതോതിലുള്ള വെള്ളി ഇറക്കുമതി തടയുന്നതിനുമാണ് ഈ നീക്കം.

നിയന്ത്രണ വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിന് സർക്കാരിൽ നിന്ന് ലൈസൻസ് ആവശ്യമാണ്. കഴിഞ്ഞ വർഷം ഏപ്രിൽ-ജൂൺ മുതൽ 2025-26 ഏപ്രിൽ-ജൂൺ വരെ നികുതി ഇളവ് ലഭിക്കുന്ന വെള്ളി ആഭരണങ്ങളുടെ ഇറക്കുമതി കുത്തനെ വർധിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

എഫ്ടിഎ വ്യവസ്ഥകൾ മറികടന്നുള്ള ഇറക്കുമതികൾ ആഭ്യന്തര നിർമ്മാതാക്കളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ മേഖലയിൽ പണിയെടുക്കുന്നവരുടെ തൊഴിൽ സുരക്ഷിതത്വത്തിനും വൻതോതിലുള്ള ഇറക്കുമതി തിരിച്ചടിയായിരുന്നു. വൻതോതിലുള്ള ഇറക്കുമതി നിയന്ത്രിക്കണമെന്നത് ഈ മേഖലയുടെ നാളുകളായുള്ള ആവശ്യമായിരുന്നു.

വെള്ളിവില കുതിക്കുന്നു
ആഗോള തലത്തിൽ വെള്ളിവില പുതിയ ഉയരങ്ങൾ താണ്ടുകയാണ്. സ്വർണത്തിൽ നിക്ഷേപം നടത്തിയിരുന്നവർ ഇപ്പോൾ വെള്ളിയിലേക്കും ശ്രദ്ധിക്കുന്നുണ്ട്.

ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ വലിയ മുന്നേറ്റം കാണിക്കാതിരുന്ന വെള്ളി വില പിന്നീട് കുതിച്ചുയരുകയായിരുന്നു. ജനുവരി ഒന്നിന് 87,578 രൂപയായിരുന്നു കിലോ വില. ജൂൺ 30 ആയപ്പോൾ ഇത് 1.05 ലക്ഷം ആയി. അതായത് ആറ് മാസം കൊണ്ട് 20.4 ശതമാനം വളർച്ച.

ആഭരണങ്ങളായി വെള്ളി ഉപയോഗിക്കുന്നത് മുൻകാലങ്ങളേക്കാൾ ഇപ്പോൾ കൂടുതലാണ്. സ്വർണത്തിന്റെ ഉയർന്നവിലയും മഞ്ഞ നിറത്തോടുള്ള ഇഷടക്കേടും യുവാക്കളെ വെള്ളിയിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നു. മാല, ലോക്കറ്റ്, കൈച്ചെയിൻ, വളകൾ തുടങ്ങിയ പലതരം വെള്ളി ആഭരണങ്ങൾ യുവാക്കൾക്കിടയിൽ ട്രെൻഡാണ്.

Related Articles

Back to top button