കേന്ദ്ര പൊതുമേഖലാ സ്ഥാപനം തയ്യാർ.. നിലയ്ക്കലിൽ 405 കോടിയുടെ വികസനം..
ആഗോള അയ്യപ്പസംഗമത്തിൽ അവതരിപ്പിച്ച മാസ്റ്റർപ്ലാൻപ്രകാരം നിലയ്ക്കലിൽ 405.63 കോടിയുടെ വികസനത്തിന് സന്നദ്ധമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനം. പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ വികസനത്തിന് സിങ്കപ്പൂർ, മലേഷ്യ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ളവർ താത്പര്യമറിയിച്ചു. വിശദപദ്ധതിരേഖ തയ്യാറാക്കാനും പ്രതിനിധികൾ നിർദേശിച്ചു.
പമ്പയും സന്നിധാനവും കേന്ദ്രീകരിച്ച് 1033 കോടിയുടെയും നിലയ്ക്കലിനുമാത്രമായി 405 കോടിയുടെയും വികസനപദ്ധതികളാണ് മാസ്റ്റർപ്ലാനിൽ തയ്യാറാക്കിയിട്ടുള്ളത്. ഘട്ടംഘട്ടമായി വികസനത്തിന് സഹായം നൽകാമെന്ന് കേരളത്തിലെ വ്യവസായികളടക്കം സംഗമത്തിലെ പ്രതിനിധികൾ വാക്കുനൽകിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. 2037-നകം പൂർത്തിയാക്കേണ്ടവയാണ് ഇതെല്ലാം. എങ്കിലും നാലഞ്ചുകൊല്ലത്തിനകം മിക്കതും യാഥാർഥ്യമാക്കാനാവുമെന്നും നിലയ്ക്കലിനുമാത്രമായി പൊതുമേഖലാസ്ഥാപനം മുന്നോട്ടുവന്നത് ആശാവഹമാണെന്നും അദ്ദേഹം പറഞ്ഞു.
നിലയ്ക്കലിൽ നടപ്പാക്കുന്നവ
തീർഥാടക ഇടനാഴിയുൾപ്പെടെ കോർ ഏരിയാവികസനം, വാഹനമിറങ്ങുന്ന തീർഥാടകർക്ക് കൂടുതൽ വിശ്രമസ്ഥലം, മറ്റുസൗകര്യങ്ങൾ, പമ്പയിൽ പാലം, ജലശുദ്ധീകരണ പ്രവർത്തനങ്ങൾ-ശുദ്ധീകരണപ്ലാന്റ്, ജീവനക്കാർക്ക് വിശ്രമകേന്ദ്രം, ഓഫീസ് കെട്ടിടം, ദുരന്തനിവാരണ പ്രവർത്തനങ്ങൾ തുടങ്ങിയവ.