കട അരിച്ച് പെറുക്കിയിട്ടും പണം കിട്ടിയില്ല; ഒടുവിൽ കള്ളന്മാർ നിരാശയോടെ മടങ്ങിയത് 30 ഓളം മാങ്ങയും 10 പാക്കറ്റ് സിഗരറ്റും കൈക്കലാക്കി..
താമരശ്ശേരിയിൽ കടകളിൽ മോഷണത്തിന് കയറിയ കള്ളന്മാർ നിരാശരായി മടങ്ങിയത് സിഗരറ്റും മാങ്ങയും കൊണ്ട്. രണ്ട് കടകളിലാണ് മോഷണത്തിന് കയറിയത്. കടകൾ അരിച്ച് പെറുക്കിയിട്ടും പണം ലഭിക്കാതെ വന്നതോടെയാണ്
സിഗരറ്റും മാങ്ങയും എടുത്ത് കൊണ്ടുപോയത്. താമരശ്ശേരി ചുങ്കത്തെ കെജി സ്റ്റോർ, മാത ഹോട്ടൽ എന്നിവിടങ്ങളിലാണ് കള്ളൻ കയറിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.
ഇരുസ്ഥാപനങ്ങളും തമ്മിൽ 50 മീറ്റർ അകലം മാത്രമേയുള്ളൂ. മാതാ ഹോട്ടലിൻ്റെ പൂട്ട് പൊളിച്ച് മോഷ്ടാവ് അകത്ത് കടക്കുന്നതിൻ്റെ ദൃശ്യം സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. താമരശ്ശേരി കുന്നുംപുറത്ത് കെ.ജി ഉണ്ണിയുടെ കെജി സ്റ്റോർ എന്ന കടയിൽ ഇത് നാലാം തവണയാണ് കള്ളൻ കയറുന്നത്. മോഷണം പതിവായതിനാൽ കടയിൽ പണം സൂക്ഷിക്കാറില്ല.
കടക്കകത്തെ സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ട മോഷ്ടാവ് പണം ലഭിക്കാതെ വന്നപ്പോൾ കടയിൽ ഉണ്ടായിരുന്ന 30 ഓളം മാങ്ങയും 10 പാക്കറ്റ് സിഗരറ്റും കൈക്കലാക്കി മടങ്ങി. ഒരു സുഹൃത്തിന് നൽകാനായി പാലക്കാട്ടു നിന്നും എത്തിച്ച മാങ്ങയാണ് മോഷ്ടാവ് അടിച്ചു മാറ്റിയത്. താമരശ്ശേരി അമ്പായത്തോട് സ്വദേശി കൃഷ്ണൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള മാതാ ഹോട്ടലിൽ ഇത് മൂന്നാം തവണയാണ് കള്ളൻ കയറുന്നത്.
മുമ്പ് രണ്ടു തവണ പിൻഭാഗത്തെ വാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ ചായ എടുക്കാനായുള്ള വിലപിടിപ്പുള്ള സമാമ്പർ ആയിരുന്നു കൊണ്ടുപോയത്. എന്നാൽ ഇന്നു പുലർച്ചെ ഹോട്ടലിൻ്റെ മുൻഭാഗത്തെ ഷട്ടർ തകർത്ത് അകത്തു കയറിയ കള്ളൻ മേശ തുറന്ന് അകത്തുണ്ടായിരുന്നതെല്ലാം വലിച്ചിട്ടു. മേശയിൽ തുച്ഛമായ തുക മാത്രമാണ് ഉണ്ടായിരുന്നത്. കൊടുവാളും ടോർച്ചും കൈവശമുണ്ടായിരുന്ന മോഷ്ടാവ് മുഖം മറച്ച് ഗ്ലൗസും ധരിച്ചാണ് എത്തിയത്.കടയുടമകൾ താമരശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
പ്രദേശത്ത് മോഷണം തുടർ കഥയാകുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ഈ വർഷം ആദ്യം താമരശ്ശേരിയിൽ തട്ടുകട നടത്തുന്ന മൂന്ന് ഉന്തുവണ്ടികൾ കുത്തിത്തുറന്ന് ഗ്യാസ് സിലണ്ടർ, സിഗരറ്റ് മുതൽ ബേക്കറി സാധനങ്ങൾ കവർന്ന സംഭവം ഉണ്ടായിരുന്നു. സാമിക്കുട്ടിയുടെ കടയിൽ നിന്നും 6500 രൂപയുടെ സിഗരറ്റ്, ബിന്ദുവിൻ്റെ കടയിലെ ഗ്യാസ് സിലണ്ടർ, ബേക്കറി സാധങ്ങൾ പെട്ടിയിൽ ഉണ്ടായിരുന്ന പണവും മോഷ്ടാക്കൾ കവർന്നു. ശശിയുടെ ഉന്തുവണ്ടിയുടെ വാതിൽ പൊളിച്ച നിലയിലാണ് കണ്ടെത്തിയത്.