പിണറായിസർക്കാർ’ വേണ്ട, ‘എൽഡിഎഫ്‌സർക്കാർ’ മതി

കേരളത്തിലെ ഇടതുസർക്കാരിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ചും സർക്കാരിന്‌ പിന്തുണയറിയിച്ചും സിപിഐ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച പ്രമേയത്തിന്മേൽ തിരുത്ത്‌ നിർദേശിച്ച്‌ കേരള പ്രതിനിധി. പത്തനംതിട്ടയിൽനിന്നുള്ള ആർ. പ്രസാദാണ്‌ ഭേദഗതി നിർദേശിച്ചത്. അങ്ങനെയൊരു ഭേദഗതി ആവശ്യമില്ലെന്ന്‌ കമ്മിഷന്റെ ഭാഗമായിരുന്ന സംസ്ഥാനസെക്രട്ടറി ബിനോയ്‌ വിശ്വം പറഞ്ഞെങ്കിലും പ്രസാദ്‌ ഉറച്ചുനിന്നു. ചർച്ചയ്ക്കൊടുവിൽ കമ്മിഷൻ ഭേദഗതി അംഗീകരിച്ചതോടെ, കേരളഘടകത്തിനകത്തെ സ്വരച്ചേർച്ചയില്ലായ്മ മറനീക്കി.

കരട്‌ രാഷ്ട്രീയപ്രമേയം ചർച്ചചെയ്യുന്ന പാർട്ടി കമ്മിഷൻ മുൻപാകെയാണ്‌, പാർട്ടി കോൺഗ്രസിൽ പ്രമേയകമ്മിറ്റി തയ്യാറാക്കിയ പ്രമേയത്തിന്മേൽ ഭേദഗതിനിർദേശമെത്തിയത്‌. രണ്ടാം പിണറായിസർക്കാർ എന്ന പരാമർശം പ്രമേയത്തിൽ പലേടത്തുമുണ്ട്‌. ഇതിനെതിരേയാണ്‌ പ്രസാദ്‌ രംഗത്തെത്തിയത്‌. ഇടതുപക്ഷനയങ്ങളിൽനിന്നുള്ള അങ്ങേയറ്റത്തെ വ്യതിയാനമാണ്‌ കേരളസർക്കാരിലെന്ന വിമർശനവും എറണാകുളത്തുനിന്നുള്ള പ്രതിനിധി ഉയർത്തിയതായാണ്‌ വിവരം.

നേരത്തേ സിപിഐ സംസ്ഥാനകൗൺസിൽ യോഗത്തിലും പിണറായിസർക്കാർ എന്ന്‌ പ്രയോഗിക്കുന്നതിനെതിരേ വിമർശനങ്ങളുയർന്നിട്ടുണ്ട്‌. അതിന്റെ അനുരണനമാണ്‌ പാർട്ടി കോൺഗ്രസ്‌ വേദിയിലുമുയർന്നത്‌. യോഗം തീരാൻ ഏറെ സമയമെടുത്തതോടെ കമ്മിഷൻ റിപ്പോർട്ടുകളുടെ അവതരണവും വൈകി.

Related Articles

Back to top button