പ്രായപരിധിയിൽ ഒരിളവും പാടില്ലെന്ന് കേരളഘടകം, ഡി രാജ സിപിഐ ജനറൽ സെക്രട്ടറി ആകുന്നത് കടുത്ത എതിർപ്പ് മറികടന്ന്
ഡി രാജ സിപിഐ ജനറൽ സെക്രട്ടറി ആകുന്നത് കടുത്ത എതിർപ്പ് മറികടന്ന്. പ്രായപരിധിയിൽ ഒരിളവും പാടില്ലെന്ന് കേരളഘടകം വാദിച്ചു എന്നാണ് വിവരം. എന്നാല് രാജയ്ക്ക് പകരം വച്ച അമർജിത് കൗറിന്റെ പേര് കൂടുതൽ ഘടകങ്ങളും തള്ളുകയായിരുന്നു. ബിനോയ് വിശ്വം തന്നെ പരിഗണിക്കേണ്ടതില്ലെന്ന് പറഞ്ഞതും രാജ തുടരാനിടയാക്കുകയായിരുന്നു. തെലങ്കാന, ആന്ധ്ര, തമിഴ്നാട് ഘടങ്ങൾ പ്രായപരിധിയോട് യോജിച്ചു. എന്നാൽ അമർജിത് കൗറിനെ എതിർത്തു. യുപി, ബീഹാർ ഘടകങ്ങൾ രാജയ്ക്കായി വാദിച്ചു. യോഗത്തിൽ വികാരഭരിതനായി രാജ തന്റെ രാഷ്ട്രീയ ബന്ധങ്ങൾ എന്തുകൊണ്ട് പാർട്ടി കാണുന്നില്ലെന്ന് ചോദിച്ചു. തന്നെ മാറ്റുന്നത് തെറ്റായ സന്ദേശം നല്കുമെന്നും രാജ പ്രതികരിച്ചു.
രാജയ്ക്ക് മാത്രം പ്രായപരിധിയിൽ ഇളവിന് ധാരണയാവുകയായിരുന്നു. പ്രായപരിധി പിന്നിട്ട ബാക്കി എല്ലാവരെയും ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. ദേശീയ കൗൺസിലിലും സെക്രട്ടേറിയറ്റിലും മറ്റാർക്കും ഇളവുകളില്ല. സെക്രട്ടേറിയറ്റ് അംഗം കെ നാരായണ ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. പുതിയ സെക്രട്ടേറിയറ്റ് അംഗങ്ങളെ ഇന്ന് തീരുമാനിക്കും. നിർവാഹ സമിതിയിൽ രൂക്ഷമായ തർക്കം നടന്നുവെന്നാണ് ലഭിച്ചിട്ടുള്ള വിവരങ്ങൾ.
പ്രായപരിധി കൃത്യമായി പാലിക്കണമെന്ന് കേരള ഘടകം ആവശ്യപ്പെട്ടിരുന്നു. ഡി രാജ ഒഴിയണമെന്നും കേരള നേതാക്കൾ നിലപാട് എടുത്തിരുന്നു. എഴുപത്തഞ്ച് കഴിഞ്ഞവർ മാറണം എന്ന് സിപിഐ പാർട്ടി കോൺഗ്രസിൽ കേരള ഘടകം നിർദേശം വച്ചിരുന്നു. ദേശീയ കൗൺസിലിൽ അടക്കം പ്രായപരിധി കർശനമായി നടപ്പാക്കണം എന്നായിരുന്നു കേരള ഘടകത്തിന്റെ നിലപാട്. കേരളത്തിൽ പ്രായപരിധി നടപ്പാക്കിയതാണ് നേതാക്കൾ ഉയർത്തിക്കാട്ടിയത്.