ആർ സി സി, സിമെറ്റ്, ഭൂവിനിയോഗ വകുപ്പ് എന്നീ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ..
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ഫിസിയോതെറാപ്പി ട്രെയിനിങ് പ്രോഗ്രാമുകളിൽ ഇന്റേൺഷിപ്പ് ഒഴിവുകളുണ്ട്. ആർ സി സിയിൽ നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനവും നടത്തുന്നു.
സിമെറ്റ് നഴ്സിങ് കോളജുകളിൽ ഒഴിവുള്ള സിനിയർ സൂപ്രണ്ട് തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനത്തിന് സർക്കാർ/ പൊതുമേഖലാ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചവർക്ക് അപേക്ഷിക്കാം.
ഭൂവിനിയോഗ വകുപ്പിൽ കൃഷി ഓഫീസർ, പ്രൊജക്ട് സയന്റിസ്റ്റ് (ജിയോളജി), പ്രൊജക്ട് സയന്റിസ്റ്റ് (ജിയോ ഇൻഫോർമാറ്റിക്സ്) തസ്തികളിൽ ഒഴിവുണ്ട്.
ആർ സി സിയിൽ ഇന്റേൺഷിപ്പ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ഫിസിയോതെറാപ്പി ട്രെയിനിങ് പ്രോഗ്രാമുകളിൽ ഇന്റേൺഷിപ്പ് നിയമനം നടത്തുന്നു.
അംഗീകൃത സർവകലാശാലയിൽ നിന്ന് ഫിസിയോതെറാപ്പിയിലുള്ള നാലര വർഷത്തെ ബിരുദമാണ് യോഗ്യത. ഒരു വർഷത്തേക്കാണ് ഇന്റേൺഷിപ്പ്. പ്രതിമാസം 10,000രൂപ ലഭിക്കും. രണ്ട് ഒഴിവുകളാണുള്ളത്. ഒക്ടോബർ മൂന്നിന് വാക് ഇൻ ഇന്റർവ്യു നടത്തും.
ആർ സി സിയിലെ കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ യോഗ്യത പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പ്രായം,ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾഎന്നിവ സഹിതം അഭിമുഖത്തിന് മൂന്നിന് രാവിലെ 10.30 നകം ഹാജരാകണം. വിശദവിവരങ്ങൾക്ക്: rcctvm.gov.in
ആർ സി സിയിൽ നഴ്സിങ് അസിസ്റ്റന്റ്
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ നഴ്സിങ് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത പാസായിരിക്കണം. ഏതെങ്കിലും സർക്കാർ സ്ഥാപനത്തിൽ നിന്ന് രണ്ട് വർഷത്തെ നഴ്സിങ് അസിസ്റ്റന്റ് കോഴ്സ് ട്രെയിനിങ് കോഴ്സ് പാസായിരിക്കണം. കുറഞ്ഞത് 100 കിടക്കകളെങ്കിലും ഉള്ള ഏതെങ്കിലും ആശുപത്രിയിൽ ഒരുവർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാകണം.
14 ഒഴിവുകളുണ്ട്. 179 ദിവസത്തേക്കാണ് നിയമനം. പ്രായപരിധി 18 നും 40നും ഇടയിൽ. ശമ്പളം 18,390 രൂപ. അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ഒക്ടോബർ ആറ് വൈകിട്ട് 3.30 വരെ.
വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in



