ജിഎസ്‍ടി പരിഷ്കരണം.. പ്രതിസന്ധിയിലായി ഉപഭോക്താക്കളും വ്യാപാരികളും.. സ്റ്റോക്കുള്ള ഉത്പ്പന്നങ്ങൾക്ക് ഈടാക്കുന്നത് പഴയ വില തന്നെ…
കൊട്ടിഘോഷിച്ച് നടപ്പാക്കിയ ജിഎസ്‍ടി പരിഷ്കരണത്തെ തുടർന്നുള്ള വിലക്കുറവ് ബഹുഭൂരിഭാഗം വരുന്ന ഉപഭോതാക്കൾക്ക് ലഭിക്കുന്നില്ലെന്നാണ് ആദ്യ ദിവസങ്ങളിലെ അനുഭവം. സ്റ്റോക്കുള്ള ഉത്പന്നങ്ങൾക്കെല്ലാം പഴയ നിരക്ക് തന്നെയാണ് ഇപ്പോഴും ഈടാക്കുന്നത്. പ്രതിസന്ധി ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരേ പോലെ കുഴക്കുന്നുണ്ട്.
സോപ്പ്, പേസ്റ്റ് അടക്കമുള്ള നിത്യോപയോഗ സാധനങ്ങൾളെല്ലാം തിങ്കളാഴ്ച മുതൽ കുറഞ്ഞ നിരക്കിൽ ലഭ്യമാകുമെന്നായിരുന്നു കേന്ദ്ര സർക്കാരിൻ്റെ പ്രഖ്യാപനം.എന്നാൽ ഇത് വിശ്വസിച്ച് കടകളിൽ എത്തിയാൽ കാര്യങ്ങൾ അത്ര എളുപ്പമല്ലെന്ന് ബോധ്യപ്പെടും.36 രൂപയുടെ സോപ്പിന് കവറിന് മുകളിൽ പ്രിൻ്റ് ചെയ്ത നിരക്ക് തന്നെ ഉപഭോക്താവ് ഇപ്പോഴും നൽകണം.
പരിഷ്കരിച്ച നിരക്ക് അനുസരിച്ച് മൂന്നു രൂപ വരെ കുറവ് വരേണ്ട ഉത്പന്നങ്ങൾക്ക് ഇപ്പോഴും പഴയ നിരക്ക് തന്നെ നൽകണം. ജി എസ് ടി രജിസ്ട്രേഷൻ ഇല്ലാത്ത കേരളത്തിലെ ബഹുഭൂരിഭാഗം ചെറുകിട കച്ചവടക്കാരും പരിഷ്കരണത്തെ തുടർന്ന് ലഭിക്കുന്ന ആനുകൂല്യം നിലവിൽ ഉപഭോക്താവിന് നൽകാൻ കഴിയാത്ത അവസ്ഥയിലാണ്. മുന്നൊരുക്കമില്ലാതെ പരിഷ്കരണം നടത്തിയതാണ് പ്രതിസന്ധിക്ക് കാരണമായി പറയുന്നത്.
നിലവിലുള്ള സ്റ്റോക്കിൽ അടക്കം വിലക്കുറവ് ലഭ്യമാകുമെന്ന പ്രധാനമന്ത്രിയടക്കമുള്ളവരുടെ വാഗ്ദാനം പാഴ്‌വാക്കായി.ഇത് വിശ്വസിച്ചെത്തുന്ന ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നതിനൊപ്പം വിലക്കുറവ് നൽകാൻ കഴിയാത്ത വ്യാപാരി കുറ്റക്കാരനാകുകയും ചെയ്യുകയാണ്.. നിലവിലെ സ്റ്റോക്ക് തീരുംവരെ ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകില്ലെന്ന് ഉറപ്പാണെന്നും വ്യാപാരികൾ പറയുന്നു.