രാഗസ ചുഴലിക്കാറ്റ്.. ന്യുനമർദ്ദ സ്വാധീനം മൂലം കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ..
കേരളത്തിൽ ഇനിയുള്ള ദിവസങ്ങളിൽ മഴയിൽ വർധനവ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. പസഫിക് ചുഴലിക്കാറ്റ്, ന്യുനമർദ്ദ സ്വാധീനം വരാനിരിക്കുന്ന ന്യുനമർദ്ദം എന്നിവയുടെ സ്വാധീന ഫലമായാണ് മഴ ലഭിക്കുക. അടുത്ത 24 മണിക്കൂറിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. സെപ്റ്റംബർ 25-ഓടെ ഇത് തീവ്രന്യൂനമർദമായി മാറിയേക്കാം.
27 ഓടെ ന്യൂനമർദം ആന്ധ്രാ – ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കും. നിലവിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യതയെങ്കിലും 25-ഓടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾകടലിനു പുറമെ പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രാഗസ ( Ragasa) ചുഴലിക്കാറ്റ് സജീവമാണെന്നും കാലാവസ്ഥ മുന്നറിയിപ്പിൽ പറയുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ഈ മാസം 26 വരെ തെക്കൻ തമിഴ്നാട് തീരം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.