1.4 കോടിയിലധികം ആധാർ നമ്പറുകൾ റദ്ദാക്കി.. പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ആരെയെല്ലാം?

രാജ്യത്തുടനീളമുള്ള 1.4 കോടിയിലധികം വ്യക്തികളുടെ ആധാർ നമ്പറുകൾ പ്രവർത്തനരഹിതമാക്കി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). മരിച്ച വ്യക്തികളുടെ ആധാർ നമ്പറുകളാണ് ഇത്തരത്തിൽ നിർജ്ജീവമാക്കിയത്. ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ അർഹരായവർക്ക് ലഭിക്കുന്നുണ്ടെന്നും മരിച്ചവരുടെ ഐഡന്റിറ്റി ഉപയോഗിച്ച് തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നില്ലെന്നും ഉറപ്പാക്കാൻ കഴിഞ്ഞ വർഷം കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ സ്വീകരിച്ച നടപടികളുടെ ഭാഗമായാണിത്.

‘ക്ഷേമ പദ്ധതികളുടെ ആനുകൂല്യം അർഹരായവർക്ക് മാത്രമാണ് ലഭിക്കുന്നത് എന്ന് ഉറപ്പാക്കാനും ദുരുപയോഗം തടയുന്നതിനും മരിച്ച വ്യക്തികളുടെ ആധാർ നമ്പറുകൾ നിർജ്ജീവമാക്കേണ്ടത് ആവശ്യമാണ്. വ്യാജ അവകാശവാദങ്ങൾക്കോ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്കോ വേണ്ടി പൊതു ഫണ്ട് പാഴാകുന്നില്ലെന്ന് ഇത് ഉറപ്പാക്കുന്നു’- യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാർ പറഞ്ഞു.

നിലവിൽ, 3,300-ലധികം സർക്കാർ പദ്ധതികളുമായി ആധാർ ബന്ധിപ്പിച്ചിട്ടുണ്ട്. ഡിസംബറോടെ മരിച്ച വ്യക്തികളുടെ രണ്ട് കോടി ആധാർ നമ്പറുകൾ നിർജ്ജീവമാക്കാനാണ് യുഐഡിഎഐ ലക്ഷ്യമിടുന്നത്. ഈ ദൗത്യത്തിന് വരുന്ന ഏറ്റവും വലിയ വെല്ലുവിളി മരണ രജിസ്‌ട്രേഷന് ആധാർ നിർബന്ധമല്ല എന്നതാണെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. പല കേസുകളിലും മരണ രേഖകളിൽ ആധാർ നമ്പറുകൾ കാണുന്നില്ല. അല്ലെങ്കിൽ തെറ്റായോ അപൂർണ്ണമായോ നൽകിയത് മൂലം ഡാറ്റയിൽ പൊരുത്തക്കേടുകൾ സംഭവിക്കുന്നതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.

Related Articles

Back to top button