തമ്പാനൂർ ഗായത്രി വധക്കേസ്.. പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും..

തമ്പാനൂരിലെ ലോഡ്ജിൽ വെച്ച് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും പിഴയും. കാട്ടാക്കട വീരണകാവ് വില്ലേജിൽ അരുവിക്കുഴി മുരിക്കത്തറതല വീട്ടിൽ ഗായത്രിയെ (25) ചുരിദാർ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷാവിധി വന്നിരിക്കുന്നത്. കേസിൽ കൊല്ലം പരവൂർ സ്വദേശിയായ പ്രവീൺ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഞ്ചാം അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്.

2022 മാർച്ച് അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. വീരണകാവ് ചാനൽകര മുരുക്കറ വീട്ടിൽ സുജാതയുടെയും പരേതനായ മാരിയപ്പന്റെയും മകളാണ് ഗായത്രി. തലസ്ഥാനത്തെ പ്രമുഖ ജ്വല്ലറിയിൽ ജീവനക്കാരായിരുന്ന ഗായത്രിയും കൊല്ലം പരവൂർ സ്വദേശിയായ പ്രവീണും അടുപ്പത്തിലാവുകയായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീൺ അത് മറച്ചുവച്ചാണ് ഗായത്രിയുമായി അടുപ്പത്തിലായത്. എന്നാൽ ഇക്കാര്യം പിന്നീട് ഗായത്രി അറിഞ്ഞുവെങ്കിലും മുൻ വിവാഹബന്ധം വേർപെടുത്താമെന്ന് പ്രവീൺ വാക്ക് നൽകിയിരുന്നു. തുടർന്ന് തലസ്ഥാനത്തെ ഒരു പള്ളിയിൽ വച്ച് വിവാഹം ചെയ്യുകയും ചെയ്തു. ഈ വിവരം അറിഞ്ഞ് പ്രവീണിന്റെ ഭാര്യ ജ്വല്ലറിയിലെത്തി ബഹളം വച്ചിരുന്നു. ഗായത്രി ജോലി രാജി വെക്കുകയും ചെയ്തു. പക്ഷെ പ്രവീണുമായുള്ള ബന്ധം തുടർന്നിരുന്നു. ജ്വല്ലറിയിലെ ജോലി രാജിവച്ച ശേഷം വീരണകാവ് അരുവികുഴിയിലെ ജിമ്മിൽ ട്രെയിനറായിരുന്നു ഗായത്രി.

കൊലപാതകം നടന്ന ദിവസം പ്രവീൺ തമ്പാനൂരിലെ ഹോട്ടലിലേയ്ക്ക് ഗായത്രിയെ വിളിച്ചുവരുത്തിയതിനുശേഷം ചുരിദാറിന്റെ ഷാൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമങ്ങളും പ്രതി നടത്തി. യുവതിയുടെ ഫോൺ കൈക്കലാക്കിയ പ്രവീൺ രണ്ടുപേരും ഒന്നിച്ചുള്ള ചിത്രങ്ങൾ വാട്സാപ്പിൽ സ്റ്റാറ്റസാക്കി ഇട്ടു. പോലീസിനെ വഴിതെറ്റിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ നീക്കം. ഒന്നിച്ചുള്ള ചിത്രങ്ങൾ കണ്ട് വഴക്കുണ്ടായെന്നും തുടർന്ന് ഗായത്രി ആത്മഹത്യ ചെയ്തുവെന്ന് വരുത്താനുമായിരുന്നു ശ്രമം.

ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ പൂർണമായും സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഹോട്ടൽ മുറിയിൽ നിന്നു ശേഖരിച്ച വിരലടയാളങ്ങൾ പ്രതിയുടേതാണെന്നു കണ്ടെത്തി. പ്രതിയും ഗായത്രിയും ഗായത്രിയുടെ ബന്ധുക്കളും തമ്മിൽ നടത്തിയ മൊബൈൽ ഫോൺ സംഭാഷണങ്ങളുടെ സമയക്രമവും പ്രതിയും ഗായത്രിയും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളുടെ ടവർ ലൊക്കേഷനുകളും മറ്റും പ്രതിക്കെതിരെയുള്ള തെളിവുകളായി. ഗായത്രിയുടെ കഴുത്തിലുണ്ടായിരുന്ന മുറിവുകൾ ഒരിക്കലും ആത്മഹത്യ ചെയ്യുന്നതിനിടെ ഉണ്ടാകില്ലെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ നൽകിയ മൊഴിയും കേസിൽ നിർണായകമായി.

Related Articles

Back to top button