460 രൂപയ്ക്ക് മാട്ടിറച്ചി വിറ്റു.. പ്രതിഷേധവുമായി കോൺഗ്രസ്..

കൊല്ലം അഞ്ചലിൽ മാട്ടിറച്ചിക്ക് വില കൂട്ടിയതിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ. മാട്ടിറച്ചിയുടെ വില 460ആയി കൂട്ടിയതോടെയാണ് പ്രതിഷേധം ഉയർന്നത്. ഇറച്ചിയുടെ വിലയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. തുടർന്ന് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ മാട്ടിറച്ചി വ്യാപാരികളുടെയും കോൺഗ്രസ് പ്രവർത്തകരുടെയും യോഗംകൂടി ഇറച്ചി വിലയിൽ തീരുമാനം ഉണ്ടായി.

ഒരു കിലോ എല്ലുള്ള ഇറച്ചിക്ക് 410 രൂപയും എല്ലില്ലാത്ത ഇറച്ചിക്ക് 430 രൂപയും എന്ന ക്രമത്തിൽ വാങ്ങാനായിരുന്നു തീരുമാനം എടുത്തിരുന്നത്. എന്നാൽ ആലഞ്ചേരിയിലെ വ്യാപാരി 460 രൂപയ്ക്ക് ഇറച്ചി വിറ്റതിനെ തുടർന്നാണ് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയത്. പഞ്ചായത്തുമായി സഹകരിച്ച് നടത്തിയ യോഗത്തിൽ തീരുമാനിച്ച വിലയ്ക്ക് ഇറച്ചി വിൽക്കാമെന്ന് സമ്മതിച്ച ശേഷം ഉയർന്ന വില ഈടാക്കിയതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. ഇതിനെ തുടർന്നായിരുന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ഇറച്ചിയുടെ വില കൂട്ടാൻ പറ്റില്ലെന്നും തീരുമാനിച്ച വിലക്ക് വിറ്റാൽ മതിയെന്നും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. ഏരൂർ പോലീസും പഞ്ചായത്ത് സെക്രട്ടറിയുമായി വില സംബന്ധിച്ച് എടുത്ത തീരുമാനം വ്യാപാരികൾക്ക് നൽകാൻ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിൽനിന്ന് വിലവിവരം അടങ്ങിയ നോട്ടീസ് വ്യാപാരികൾക്ക് നൽകുകയും പകർപ്പ് ഒപ്പിട്ട് വാങ്ങുകയും ചെയ്തു. ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് അറിയിച്ചു.

Related Articles

Back to top button