യുവാവ് ആക്രി വിറ്റത് 500 രൂപയ്ക്ക്; പിഴ ലഭിച്ചത് 5,000 രൂപയുടേതും…
പഴയ പത്രക്കെട്ടുകളും നോട്ടുപുസ്തകങ്ങളും തുടങ്ങി ആക്രി സാധനങ്ങള്‍ 500 രൂപയ്ക്ക് വിറ്റതിന് പിന്നാലെ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. പ്ലാസ്റ്റിക് സഞ്ചികളും വീട്ടിലെ പഴയ സാധനങ്ങളുമെല്ലാം ഉള്‍പ്പെടെ അഞ്ച് ചാക്ക് സാധനങ്ങളായിരുന്നു ഇയാള്‍ വിറ്റത്. എന്നാല്‍, ആക്രിക്കാര്‍ ഈ സാധനങ്ങള്‍ പൊതുവഴിയില്‍ തള്ളിയതോടെ പഞ്ചായത്തില്‍ നിന്ന് 5,000 രൂപയുടെ പിഴയാണ് ഇയാള്‍ക്ക് കിട്ടിയത്.
സാധനങ്ങള്‍ കൊടുത്ത് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് വീട്ടിലേക്ക് നാഗലശ്ശേരി പഞ്ചായത്തിലെ ആരോഗ്യശുചിത്വ വിഭാഗം ഉദ്യോഗസ്ഥന്റെ ഫോണ്‍സന്ദേശം വന്നത്. നിങ്ങളുടെ നഷ്ടപ്പെട്ട എടിഎം കാര്‍ഡ് കിട്ടിയിട്ടുണ്ടെന്നും നേരിട്ടെത്തിയാല്‍ തിരിച്ചുതരാമെന്നുമാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഉദ്യോഗസ്ഥര്‍ അയച്ചുനല്‍കിയ ലൊക്കേഷന്‍ സൂചനപ്രകാരം സ്ഥലത്തെത്തിയപ്പോഴാണ് ആക്രിക്കാരനുവിറ്റ പഴയ സാധനങ്ങളെല്ലാം 11-ാം വാര്‍ഡിലെ മാണിക്യാംകുന്ന് പൊറ്റയുടെ സമീപത്തുള്ള തോട്ടില്‍ കുന്നുകൂടിക്കിടക്കുന്നതു കണ്ടത്. പഴയ സാധനങ്ങള്‍ കൊടുത്തതില്‍ അറിയാതെപെട്ടതാണ് എടിഎം കാര്‍ഡെന്നും അവയില്‍ നല്ലതെല്ലാമെടുത്ത് ചിതലുപിടിച്ച വസ്തുക്കള്‍ വാങ്ങിയവര്‍ പൊതുസ്ഥലത്ത് തള്ളിയതാകാമെന്നും യുവാവ് പറഞ്ഞു. എന്നാല്‍, തോട്ടിലെ ജലവും പരിസരവും മലിനപ്പെടുത്തിയതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ യുവാവിന് 5,000 രൂപ പിഴ ചുമത്തുകയായിരുന്നു. യുവാവ് പിഴത്തുക അടച്ചു.