വീട്ടിലേക്കുള്ള തടിപ്പാലത്തിന്റെ പലക ഒടിഞ്ഞു.. യുവതിയുടെ കയ്യിൽ നിന്ന് രണ്ടരമാസം പ്രായമുള്ള കുഞ്ഞ് തോട്ടിൽവീണു.. പക്ഷെ…
പിഞ്ചുകുഞ്ഞുമായി ഭർത്താവിന്റെ വീട്ടിലേക്ക് വരുന്നതിനിടെ തടിപ്പാലത്തിന്റെ പലക ഒടിഞ്ഞു. അമ്മയുടെ കാൽ പാലത്തിനിടയിൽ കുടുങ്ങി. കയ്യിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് തോട്ടിലേക്ക്. 150 മീറ്ററോളം വെള്ളത്തിൽ ഒഴുകിയ രണ്ടര മാസം പ്രായമുള്ള ആൺകുട്ടിയുടെ ജീവൻ തിരിച്ച് പിടിച്ച് അയൽവാസികൾ.കടുത്തുരുത്തി മാഞ്ഞൂർ പഞ്ചായത്തിലെ മല്ലിശ്ശേറി റോഡിൽ തെക്കുംപുറം ഭാഗത്താണ് പിഞ്ചുകുഞ്ഞിനെ അത്ഭുതകരമായി രക്ഷിച്ചത്.
മാഞ്ഞൂർ ഇരവിമംഗലം കിഴക്കേ ഞാറക്കാട്ടിൽ അംബികയുടെ കയ്യിൽ നിന്നാണ് രണ്ടര മാസം പ്രായമുള്ള ആരോൺ തോട്ടിലേക്ക് വീണത്. സ്വന്തം വീട്ടിൽ നിന്നും ഭർത്താവിന്റെ വീട്ടിലേക്ക് അംബിക വരുമ്പോഴായിരുന്നു സംഭവം.തോടിന് കുറുകെയുള്ള തടിപ്പാലം കടക്കുന്നതിനിടെ പലക ഒടിഞ്ഞ് അംബികയുടെ കാൽ പാലത്തിൽ കുടുങ്ങി. ദ്രവിച്ച 2 തെങ്ങിൻതടികളിൽ പലകയടിച്ചാണു പാലം നിർമിച്ചിരിക്കുന്നത്. ഇതിനിടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിന് തോട്ടിലേക്ക് വീണ് ഒലിച്ച് പോവുകയായിരുന്നു. ഇതേസമയം സമീപത്തുണ്ടായിരുന്ന അയൽവാസികളായ സലിംകുമാറും, ജോബിയും തോട്ടിലേക്ക് ചാടി കുഞ്ഞിനെ മുങ്ങിപ്പോകും മുൻപ് രക്ഷിക്കുകയായിരുന്നു. തോട്ടിൽ പകുതിയോളം വെള്ളവും നല്ല ഒഴുക്കുമുണ്ടായിരുന്നു. അംബികയുടെ നിലവിളി കേട്ടാണ് സമീപത്തെ പുരയിടത്തിൽ ഉണ്ടായിരുന്ന സലിം കുമാറും ജോബിയും ഓടിയെത്തി തോട്ടിൽ ചാടിയത്.