പാതിവ്രത്യം തെളിയിക്കാൻ തിളച്ച എണ്ണയിൽ കൈ മുക്കിച്ച് ക്രൂരത; ‘സദാചാര അഗ്നിപരീക്ഷ’യിൽ യുവതിക്ക് ഗുരുതര പരിക്ക്
ഭർത്താവിനോട് വിശ്വസ്തതയുണ്ടോ എന്ന് തെളിയിക്കാൻ 30 വയസ്സുകാരിയായ യുവതിയെ നിർബന്ധിപ്പിച്ച് തിളച്ച എണ്ണയിൽ കൈ മുക്കിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ ക്രൂരതയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ യുവതിയുടെ ഭർത്താവിൻ്റെ സഹോദരി ഉൾപ്പെടെ നാല് പേർക്കെതിരെ വിജാപൂർ പോലീസ് കേസെടുത്തു.
സെപ്റ്റംബർ 16-ന് വിജാപൂർ താലൂക്കിലെ ഗെരിറ്റ ഗ്രാമത്തിലാണ് ഈ ദാരുണ സംഭവം നടന്നത്. യുവതിക്ക് ഭർത്താവിനോട് വിശ്വാസ്യതയില്ലെന്ന് സംശയിച്ച ഭർത്താവിൻ്റെ സഹോദരി ജമുന താക്കൂർ, അവരുടെ ഭർത്താവ് മനുഭായ് താക്കൂർ, മറ്റ് രണ്ട് പേർ എന്നിവർ ചേർന്നാണ് ഈ ക്രൂരമായ ‘അഗ്നിപരീക്ഷ’ നടത്തിയത്.
വീഡിയോയിൽ, യുവതി തിളച്ച എണ്ണയിൽ വിരലുകൾ മുക്കുന്നതും പൊള്ളലേറ്റതിനെ തുടർന്ന് ഉടൻ തന്നെ കൈ പിൻവലിക്കുന്നതും വ്യക്തമാണ്. ‘യുവതി പാതിവ്രതയാണെങ്കിൽ പൊള്ളലേൽക്കില്ലെന്ന്’ പ്രതികൾ യുവതിയോട് പറഞ്ഞതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദിനേശ് സിംഗ് ചൗഹാൻ അറിയിച്ചു. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.