അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു; മൂന്നാറിൽ അപകടത്തിൽപ്പെട്ടതിന് പിന്നാലെ സർവീസ് നിർത്തിവെച്ച കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ് വീണ്ടും ഓടിത്തുടങ്ങി..
അപകടത്തിൽപ്പെട്ടതിനെത്തുടർന്ന് സർവീസ് നിർത്തിവെച്ചിരുന്നു കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ് വീണ്ടും സർവീസ് ആരംഭിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച ശേഷം വെള്ളിയാഴ്ച മുതലാണ് ബസ് സർവീസ് പുനരാരംഭിച്ചത്. ഈ മാസം 12 നായിരുന്നു കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ദേവികുളം ഇരച്ചിൽപാറയ്ക്ക് സമീപത്ത് വെച്ച് ബസ് അപകടത്തിൽപ്പെട്ടത്. ഇതിന് പിന്നാലെ സർവീസ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഇടിച്ചു കയറിയായിരുന്നു അപകടം. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് കണ്ടെത്തിയിരുന്നു ഇതിന് പിന്നാലെ ബസ് ഓടിച്ചിരുന്ന മൂന്നാർ ഡിപ്പോയിലെ കെപി മുഹമ്മദിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. എതിർ ദിശയിൽ നിന്നും അമിത വേഗത്തിൽ കാർ എത്തിയാണ് അപകടകാരണമെന്നായിരുന്നു ഡ്രൈവറുടെ മൊഴി. എന്നാൽ ഇത് കെട്ടിച്ചമച്ച കഥയാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അത്തരത്തിൽ കാർ എത്തിയിരുന്നില്ലെന്ന് മാധ്യമങ്ങൾ ദൃശ്യം സഹിതം റിപ്പോർട്ട് ചെയ്തിരുന്നു. അപകടത്തെത്തുടർന്ന് ബസ് സർവീസ് നിർത്തിവെക്കുകയായിരുന്നു. പിന്നാലെയാണ് ഇന്നലെ വീണ്ടും ഓടാൻ തുടങ്ങിയത്.
വിനോദ സഞ്ചാരികളുമായി മൂന്നാറിൽ നിന്ന് പുറപ്പെട്ട് ദേവികുളം, ലാക്കാട് വ്യൂ പോയിന്റ്, ഗ്യാപ്പ് റോഡ്, പെരിയക്കനാൽ, ആനിറങ്ങൽ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചശേഷം തിരിച്ചെത്തുന്ന രീതിയിലാണ് കെഎസ്ആർടിസിയുടെ ഡബിൾ ഡെക്കർ ബസ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ ഒൻപത്, ഉച്ചയ്ക്ക് 12.30, വൈകീട്ട് നാല് എന്നിങ്ങനെ മൂന്ന് സർവീസുകളാണുള്ളത്. ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്.