പമ്പയിൽ അയ്യപ്പപസംഗമത്തിന് തിരി തെളിയിച്ച് തന്ത്രി.. പങ്കെടുക്കാനായതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി..
ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് പമ്പാ മണപ്പുറത്ത് തുടക്കമായി. തന്ത്രി മഹേഷ് മോഹനരർ നിലവിളക്ക് കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒരേ വാഹനത്തിൽ ചടങ്ങിനെത്തിയത് ശ്രദ്ധേയമായി. 3,500 പ്രതിനിധികൾ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ പ്രവേശനമുള്ളൂ.
സംഗമത്തിൽ മൂന്ന് പ്രധാന വിഷയങ്ങളെക്കുറിച്ചാണ് ചർച്ച നടക്കുന്നത്:
ശബരിമല വികസന മാസ്റ്റർ പ്ലാൻ (മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ നയിക്കുന്നു)
ശബരിമല കേന്ദ്രീകരിച്ചുള്ള ആധ്യാത്മിക ടൂറിസം (പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ നയിക്കുന്നു)
തീർത്ഥാടന തിരക്ക് നിയന്ത്രിക്കുന്നതിനുള്ള വഴികൾ (റിട്ട. ഡിജിപി ജേക്കബ് പുന്നൂസ് നയിക്കുന്നു)
യോഗി ആദിത്യനാഥിന്റെ ആശംസകൾ
ചടങ്ങിൽ ബിജെപിയും യുഡിഎഫും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും പന്തളം കൊട്ടാരം പ്രതിനിധികളും പങ്കെടുക്കുന്നില്ല. എന്നാൽ, ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ് സംഗമത്തിന് ആശംസകൾ നേർന്നു. മന്ത്രി വി.എൻ. വാസവൻ നൽകിയ ക്ഷണം സ്വീകരിച്ചാണ് യോഗി കത്തയച്ചത്. ഈ സമ്മേളനം അതിന്റെ ലക്ഷ്യങ്ങൾ നേടുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും പുരാതന ഇന്ത്യൻ പാരമ്പര്യങ്ങളും അറിവും പ്രചരിപ്പിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു.