‘അദ്ദേഹം എന്തിനത് ചെയ്തു, അതിന്റെ സാഹചര്യം എനിക്കറിയില്ല. സുരേഷ് ഗോപി നിവേദനം സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണം

കേന്ദ്രമന്ത്രി സുരേഷ് ഗോപി കലുങ്ക് സൗഹൃദ സദസിനിടെ നിവേദനവുമായെത്തിയ വയോധികനെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അദ്ദേഹം എന്തിനാണ് അങ്ങനെ ചെയ്തതെന്ന് തനിക്കറിയില്ലെന്നും സുരേഷ് ഗോപി നിവേദനം സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ‘അദ്ദേഹം എന്തിനത് ചെയ്തു, എങ്ങനെ ചെയ്തു, അതിന്റെ സാഹചര്യം എനിക്കറിയില്ല. ബിജെപി 30 ഹെല്‍പ്പ് ഡെസ്കുകള്‍ രൂപീകരിച്ചിട്ടുണ്ട്. തൃശൂര്‍ ഉള്‍പ്പെടെ എല്ലാ ജില്ലകളിലും ബിജെപി ഹെല്പ് ഡെസ്കുകളുണ്ട്. അവിടെ പോയി നിവേദനവും പരാതിയുമൊക്കെ കൊടുക്കാം. അത്രേയുളളു’: എന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.
ആഗോള അയ്യപ്പ സംഗമത്തിന് തങ്ങള്‍ എതിരല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ‘ഞങ്ങള്‍ ആഗോള അയ്യപ്പ സംഗമത്തിന് എതിരാണെന്ന് പറഞ്ഞിട്ടില്ല. വിശ്വാസികളെ എതിര്‍ക്കുന്ന നേതാക്കളെ ചീഫ് ഗസ്റ്റായി വിളിച്ചാല്‍ സമ്മതിക്കില്ല എന്നാണ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ സുഹൃത്തായ സ്റ്റാലിന് വരുന്നില്ലെന്നാണ് മനസിലാക്കുന്നത്. അതില്‍ സന്തോഷം. ആഗോള അയ്യപ്പ സംഗമം നാടകമാണ്. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മുന്‍പ് വിശ്വാസിയായി മാറാന്‍ നോക്കുകയാണ്. ഇതൊക്കെ രാഷ്ട്രീയ നാടകമാണ്. ജനങ്ങള്‍ അതിന് കൃത്യമായ മറുപടി കൊടുക്കും. ഇങ്ങനെ വിഡ്ഢിയാക്കുന്ന രാഷ്ട്രീയത്തിന്റെ സമയം കഴിഞ്ഞു. ആരാണ് ശരിക്കും വിശ്വാസികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെന്നും നാടകം കളിക്കുന്ന പാര്‍ട്ടികള്‍ ഏതൊക്കെയെന്നും ജനങ്ങള്‍ മനസിലാക്കും’: രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
തൃശൂർ പുളളിലെ കലുങ്ക് സദസില്‍ നിവേദനം നിരസിച്ചത് കൈപ്പിഴയായിരുന്നെന്ന് സുരേഷ് ഗോപി ഇന്ന് വ്യക്തമാക്കിയിരുന്നു. കലുങ്ക് ചർച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. കൈപിഴകൾ ഉയർത്തിക്കാട്ടി കലുങ്ക് സൗഹൃദ സംവാദത്തിന്റെ തീപ്പന്തം കെടുത്താൻ ശ്രമം. കൊച്ചു വേലായുധൻമാരെ ഇനിയും കാണിച്ചുതരാം. വീടില്ലാത്തവരുടെ പട്ടിക പുറത്തു വിടും. ഭരത് ചന്ദ്രന് ചങ്കൂറ്റമുണ്ടെങ്കിൽ സുരേഷ് ഗോപിക്കും അതുണ്ട്. 14 ജില്ലകളിലും കലുങ്ക് സൗഹൃദ സദസ് നടത്തും. നിവേദനങ്ങൾ ബിജെപി ജില്ലാ പ്രസിഡന്റിനെ ഏൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ അധികാരപരിധിയില്‍ വച്ച് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന് നല്ല ധാരണയുണ്ടെന്നും എംപി സ്ഥാനത്തിരുന്ന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
എന്നാൽ അതിനുശേഷം നടന്ന കൊടുങ്ങല്ലൂർ കലുങ്ക് സൗഹൃദ സദസിൽ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായം തേടിയ വയോധികയെ സുരേഷ് ഗോപി പരിഹസിച്ചിരുന്നു. ‘ചേച്ചി അധികം വർത്തമാനം പറയണ്ട, ഇ ഡി പിടിച്ചെടുത്ത പണം കിട്ടാൻ മുഖ്യമന്ത്രിയെ സമീപിക്കൂ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പരിഹാസം. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റില്ലെന്ന് വയോധിക പറഞ്ഞപ്പോൾ ‘എന്നാൽ എന്റെ നെഞ്ചത്തോട്ട് കയറിക്കോ’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. നിങ്ങളുടെ മന്ത്രി തൊട്ടടുത്തല്ലേ താമസിക്കുന്നത് എന്ന് സുരേഷ് ഗോപി ചോദിച്ചു. ഞങ്ങളുടെ മന്ത്രിയല്ലേ സർ നിങ്ങൾ എന്ന് വയോധികയുടെ മറു ചോദ്യം. അല്ല, ഞാൻ ഈ രാജ്യത്തിന്റെ മന്ത്രിയാണെന്ന് സുരേഷ് ഗോപിയുടെ മറുപടി. താൻ മറുപടി നൽകി കഴിഞ്ഞുവെന്നും ഇതേ പറ്റൂ എന്നും സുരേഷ് ഗോപി പ്രതികരിച്ചു. ആനന്ദവല്ലി എന്ന വയോധികയെ ആണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പരിഹസിച്ചത്.



