ഉറങ്ങാതെ ഹൃദ്രോഗിയായ അമ്മയെ പരിചരിച്ചു.. ക്ലാസിൽ ഉറങ്ങിപ്പോയി.. വിദ്യാർത്ഥിയോട് അധ്യാപിക ചെയ്തത്..

ഡസ്‌കിൽ തലവെച്ചു കിടന്ന പ്ലസ് വൺ വിദ്യാർഥിനിയെ അധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായി പരാതി. പനിയും തലയുടെ ഒരുവശത്ത് മരവിപ്പും അനുഭവപ്പെട്ട വിദ്യാർഥിനി കുണ്ടറ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. കിഴക്കേ കല്ലട സിവികെഎം സ്‌കൂളിൽ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമുള്ള ക്ലാസിലെത്തിയ അധ്യാപികയാണ് കിഴക്കേ കല്ലട സ്വദേശിയായ വിദ്യാർഥിനിയെ മർദിച്ചതായി പറയുന്നത്.

ഹൃദ്രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ അമ്മയെ രാത്രിമുഴുവൻ ശുശ്രൂഷിച്ചതിന്റെ ഉറക്കക്ഷീണവുമായാണ് വിദ്യാർഥിനി ക്ലാസിലെത്തിയത്. ഉച്ചഭക്ഷണത്തിനുശേഷം ഡസ്‌കിൽ തലവെച്ച് ഉറങ്ങിപ്പോയി. ക്ലാസിലെത്തിയ അധ്യാപിക കുട്ടിയെ ഉണർത്താതെ ഭാരമേറിയ പുസ്തകം മടക്കി തലയ്ക്ക് അടിക്കുകയായിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു.

തലയ്ക്ക് മരവിപ്പും അസ്വാസ്ഥ്യവുമുണ്ടായെങ്കിലും കുട്ടി വിവരങ്ങൾ വീട്ടിൽ അറിയിച്ചില്ല. ഞായറാഴ്ച വൈകീട്ടോടെ ചൂടും പനിയും ശരീരവേദനയും ബാധിച്ചു. ഇതോടെ ഭയന്നുപോയ വിദ്യാർഥിനി കുടുംബാംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു. തലയ്ക്കുള്ളിൽ രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ നാലുദിവസം പൂർണമായും വിശ്രമിക്കണമെന്ന് ചികിത്സിച്ച ഡോക്ടർ അറിയിച്ചു. ഛർദ്ദിക്കുകയാണെങ്കിൽ ആശുപത്രിയിലെത്തി സ്‌കാൻ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. കിഴക്കേ കല്ലട പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്ത് അന്വേഷണം തുടങ്ങി. ആശുപത്രി അധികൃതരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Articles

Back to top button