റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി; മോദിയെ ഫോണിൽ വിളിച്ച് പിറന്നാൾ ആശംസകൾ നേർന്ന് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് ജന്മദിനാശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അധികചുങ്കവിഷയത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിൽ രൂപപ്പെട്ട അകൽച്ച പരിഹരിക്കപ്പെടുമെന്ന സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ട്രംപിന്റെ ഫോൺവിളിയെ കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തഞ്ചാം പിറന്നാളാണിന്ന്. റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിങ്ങളുടെ പിന്തുണയ്ക്ക് നന്ദിയെന്നും പിന്നീട് ട്രംപ് തന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

‘‘ഇപ്പോൾ എന്റെ സുഹൃത്ത് നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. അദ്ദേഹം ഗംഭീരമായ ജോലിയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. നരേന്ദ്ര: റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി’’–ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രിയും സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ചു. ട്രംപിനെപ്പോലെ തന്നെ ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രവും ആഗോളവുമായ പങ്കാളിത്തത്തെ പുതിയ ഉയരത്തിലെത്തിക്കാൻ പ്രതിജ്ഞാബദ്ധനാണെന്നും മോദി പറഞ്ഞു. ‘എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപ്, നിങ്ങളുടെ ഫോൺ കോളിനും ജന്മദിനാശംസയ്ക്കും നന്ദി. നിങ്ങളെപ്പോലെ തന്നെ, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രവും ആഗോളവുമായ പങ്കാളിത്തത്തെ പുതിയ ഉയരത്തിലെത്തിക്കാൻ ഞാൻ പൂർണമായും പ്രതിജ്ഞാബദ്ധനാണ്. യുക്രെയ്ൻ യുദ്ധത്തിന് സമാധാനപരമായ പരിഹാരം കാണാനുള്ള നിങ്ങളുടെ ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കും’–മോദി പറഞ്ഞു.

റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായി യുഎസ് ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. തീരുവ വർധനവിനുശേഷം ആദ്യമായി ഇന്ത്യ–യുഎസ് വ്യാപാര ചർച്ച നടന്നിരുന്നു. ചർച്ച ‘ശുഭകരം’ എന്നായിരുന്നു ഇരുവിഭാഗത്തിന്റെയും പ്രതികരണം. ഇതിനു പിന്നാലെയാണ് മോദിയുമായുള്ള ട്രംപിന്റെ ടെലിഫോൺ സംഭാഷണം.

Related Articles

Back to top button