‘മദ്യപാനി എന്നൊക്കെ വിളിക്കുന്നതില്‍ ദുഃഖമുണ്ട്’.. മുഖ്യമന്ത്രിക്കെതിരെ മര്‍ദനമേറ്റ സുജിത്ത്..

തന്നെ നിരവധി കേസുകളിലെ പ്രതിയാക്കിയും മദ്യപ സംഘത്തിന്റെ തലവനായും ചിത്രീകരിക്കാനുള്ള നീക്കത്തില്‍ വേദനയുണ്ടെന്ന് കുന്നംകുളത്ത് പൊലീസ് മര്‍ദനത്തിന് ഇരയായ സുജിത്ത് വി എസ്.തനിക്ക് മര്‍ദനമേറ്റ സംഭവം ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ മറുപടി നീതിയുടെ ഭാഷയായി തനിക്ക് തോന്നിയില്ലെന്ന് സുജിത്ത് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചു എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കാലങ്ങള്‍ക്ക് മുന്‍പേ നടന്ന സംഭവമാണിത്. സംഭവത്തിന്റെ വിഷ്വല്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ വന്നിട്ട് നടപടിയെടുത്തു എന്ന് പറയുന്നതില്‍ പ്രസക്തിയില്ലെന്നും സുജിത്ത് പറഞ്ഞു.

കുറ്റക്കാരായ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അത് നടക്കാത്ത പക്ഷം മുഖ്യമന്ത്രിയുടേത് നീതിയുടെ ഭാഷയായി തോന്നുന്നില്ലെന്നും സുജിത്ത് പറഞ്ഞു. മദ്യപാനിയെന്ന് തന്നെ വിളിക്കുന്നതില്‍ സങ്കടമുണ്ട്. എന്നാല്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്‍പിലുണ്ട്. അവര്‍ തന്നെ വിശ്വസിക്കുന്നുണ്ട്. തന്നെ നേരില്‍ കാണുമ്പോള്‍ ഉള്‍പ്പെടെ സാധാരണ ജനങ്ങള്‍ തങ്ങളുടെ പിന്തുണ അറിയിക്കുന്നുണ്ടെന്നും സുജിത്ത് കൂട്ടിച്ചേര്‍ത്തു.

കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതിയെന്നാണ് സഭയില്‍ ഇന്ന് മുഖ്യമന്ത്രി പറഞ്ഞത്. എരുമപ്പെട്ടി കുന്നംകുളം പോലീസ് സ്റ്റേഷനുകളിലാണ് കേസ്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങള്‍ക്ക് തെളിവുണ്ട്. വകുപ്പുതല അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ ബോധ്യമായി. നിയമസഭയിലെ ചോദ്യത്തിന് രേഖാമൂലമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇന്ന് സഭയില്‍ പറഞ്ഞിരുന്നു.

Related Articles

Back to top button