‘ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭർത്താവ് പരിഗണിച്ചില്ല’.. പുതുപ്പരിയാരത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

പാലക്കാട്‌ പുതുപ്പരിയാരത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പാലക്കാട് പൂച്ചിറ സ്വദേശി അനൂപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അനൂപിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്. സെപ്റ്റംബർ 10 നായിരുന്നു 29 കാരിയായ മീര എന്ന യുവതിയെ ഭർത്താവിൻറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്നോടും ആദ്യ വിവാഹത്തതിലെ തന്റെ കുഞ്ഞിനോടും ഭർത്താവ് അനൂപിന് സ്നേഹവും പരിഗണനയും കുറഞ്ഞെന്ന് മീര ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.

മീരയെ ഭർത്താവ് പുതുപ്പരിയാരം പൂച്ചിറയിലെ ഭർതൃ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി പിണങ്ങിയ മീര സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. എന്നാൽ രാത്രി ഭർത്താവ് അനൂപ് എത്തി തിരികെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് മണിക്കൂറുകൾക്ക് ഉള്ളിലായിരുന്നു മീരയുടെ മരണം. ഒരു വർഷം മുമ്പാണ് ഇവർ വിവാഹം കഴിച്ചത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. ആദ്യ വിവാഹത്തിലെ കുഞ്ഞിനെ അനൂപ് തീരെ പരിഗണിക്കുന്നില്ലെന്ന പരാതി മീരയ്ക്കുണ്ടായിരുന്നു. ഇതെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു. അനൂപിൻറെ നിരന്തരമായ മാനസിക പീഡനമാണ് മീരയെ മരണത്തിലേക്ക് എത്തിച്ചതെന്നാണ് കുടൂംബാംഗങ്ങളുടെ ആരോപണം.മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ ശേഷമാണ് വീട്ടുകാരെ ഫോൺ വിളിച്ച് വിവരം അറിയിച്ചതെന്നതും ഇവർ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button