ഗവൺമെന്റ് സ്കൂളിലെ 31 കുട്ടികൾക്ക്.. ആശങ്ക…

കൊല്ലം അഞ്ചലിൽ മഞ്ഞപിത്തം പടർന്ന് പിടിക്കുന്നു. ഇടമുളക്കൽ ഗവൺമെന്റ് ജവഹർ ഹൈസ്കൂളിലെ വിദ്യാർത്ഥികളിലാണ് രോഗം ആദ്യം സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്തം രക്ഷിതാക്കളിലേക്കും വ്യാപിക്കുന്നതിനാൽ സ്ഥിതി വഷളായ അവസ്ഥയാണ്. രോഗബാധിതനായ കുട്ടിയുടെ രക്ഷിതാവിനും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. സ്‌കൂളിലെ പൈപ്പ് വെള്ളം കുടിച്ച കുട്ടികൾക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.

അതേസമയം തിളപ്പിച്ചാറ്റിയ വെള്ളമാണ് കുട്ടികൾക്ക് കുടിക്കാൻ നൽകിയിരുന്നതെന്ന സ്കൂൾ അധികൃതരുടെ വാദം പൊളിഞ്ഞു. കുടിക്കാൻ ലഭിച്ചിരുന്നത് കിണറ്റിലെ വെള്ളമെന്ന് കുട്ടികൾ പറഞ്ഞു. സ്കൂളിൽ ലഭിച്ച വാട്ടർ ഡിസ്പെൻസർ ഉപയോഗിച്ചിരുന്നത് അധ്യാപകരാണ്. സ്കൂളിലെ 31 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് വീട്ടുകാരിലും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തൊള്ളൂർ നഗറിലുള്ള കുട്ടിയുടെ പിതാവിനാണ് രോഗം സ്ഥിരീകരിച്ചത്. രക്ഷിതാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗത്തിന്റെ ഉറവിടം സ്കൂൾ അല്ലെന്ന് ആദ്യം മുതൽ വാദിച്ച സ്കൂൾ അധികൃതർ കിണറ്റ് വെള്ളത്തിൽ ക്രമാതീതമായ അളവിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കണ്ടെത്തിയതോടെ കുട്ടികൾക്ക് തിളപ്പിച്ച വെള്ളം നൽകിയിരുന്നു എന്നായി വാദം. എന്നാൽ സ്കൂളിൽ ലഭിച്ചിരുന്നത് പൈപ്പ് വെള്ളമായിരുന്നുവെന്ന് രോഗ ബാധിതരായ കുട്ടികൾ പറഞ്ഞു. കുട്ടികൾക്കുള്ള മെഡിക്കൽ പരിശോധന ഇന്നും തുടരും. അഞ്ചു മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഇന്നത്തെ ക്യാമ്പ്.

മഞ്ഞപ്പിത്തം എന്നത് ചർമ്മത്തിന്റെയും കണ്ണുകളുടെ വെള്ളയുടെയും നിറം മഞ്ഞയായി മാറാൻ കാരണമാകുന്ന ഒരു രോഗമാണ്. രക്തത്തിലെ ബിലിറൂബിന്റെ അളവ് അധികമാകുന്നത് മൂലമാണ് മഞ്ഞനിറം സംഭവിക്കുന്നത്, ഇത് കരൾ രോഗം, ചുവന്ന രക്താണുക്കളുടെ അമിതമായ തകർച്ച, പിത്തരസം നാളത്തിന്റെ തടസ്സം എന്നിവ മൂലമാകാം. ചർമ്മത്തിന്റെയും കണ്ണുകളുടെ വെള്ളയുടെയും മഞ്ഞനിറം, ഛർദ്ദി, പനി, മൂത്രം വളരെ ഇരുണ്ടതായി തോന്നൽ തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ഉടൻ തന്നെ നിങ്ങളുടെ കുടുംബ ഡോക്ടറെയോ ഒരു പൊതു പ്രാക്ടീഷണറെയോ സമീപിക്കുക.

Related Articles

Back to top button