11 കെവി ലൈനിൽ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്,..നാട്ടുകാർ വലഞ്ഞത് മണിക്കൂറുകൾ…
പൂച്ചയെ പിടിക്കാന്‍ വൈദ്യുതി പോസ്റ്റിന് മുകളില്‍ കയറിയ പെരുമ്പാമ്പ് രണ്ടരമണിക്കൂറോളം നാട്ടുകാരെ വട്ടം കറക്കി.ഗുരുവായൂര്‍ തമ്പുരാന് പടിയിലാണ് രാത്രി വൈദ്യുതി പോസ്റ്റിന് മുകളില്‍ പെരുമ്പാമ്പ് കയറിയത്. പെരുമ്പാമ്പിനെ കണ്ട പൂച്ച ചാടി രക്ഷപ്പെട്ടു. എന്നാൽ പാമ്പിന് തിരികെ ഇറങ്ങാനായില്ല. പാമ്പ് വൈദ്യുതി ലൈനിന് അടുത്തെത്താറായപ്പോഴേക്കും നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ച് കെ.എസ്.ഇ.ബി. ജീവനക്കാര്‍ വൈദ്യുതി ബന്ധം വിചേ്ഛദിച്ചു.
പോസ്റ്റിന് ഏറ്റവും മുകളില്‍ കയറിയ പെരുമ്പാമ്പ് 11 കെവി ലൈനിലൂടെചുറ്റിവരിഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്ത് സിവില്‍ ഡിഫന്‍സ് പ്രവർത്തകരുമെത്തി. വന്യമൃഗങ്ങളെ പിടികൂടുന്നതില്‍ വിദഗ്ധനായ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍ പ്രബീഷ് ഗുരുവായൂര്‍ കോണി ഉപയോഗിച്ച് പോസ്റ്റിനു മുകളില്‍ കയറി. പാമ്പ് ആക്രമണ സ്വഭാവം കാണിച്ചതോടെ പ്രബീഷ് താഴെയിറങ്ങി തോട്ടി ഉപയോഗിച്ച് പാമ്പിനെ വലിച്ചു താഴെയിട്ടു. വൈദ്യുതി കമ്പിയില്‍ ചുറ്റി വലിഞ്ഞിരുന്നതിനാല്‍ ഏറെ പാടുപെട്ട് പത്തരയോടെയാണ് പാമ്പിനെ പിടികൂടാനായത്.