ആലപ്പുഴയിൽ ട്രെയിനിൽ വന്നിറങ്ങി.. ശാരീരികാസ്വാസ്ഥ്യം വന്നപ്പോൾ ആശുപത്രിയിലെത്തിച്ചു.. മലദ്വാരത്തിൽ സിപ്പ് ലോക്കിൽ സെലോ ടേപ്പിട്ട് കടത്തിയത്…
ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് 16 ഗ്രാം എംഡിഎംഎയുമായി രണ്ട് ക്രിമിനൽ കേസ് പ്രതികളെ പൊലീസ് പിടികൂടി. ആലപ്പുഴ നോര്‍ത്താര്യാട് വിരശ്ശേരിയില്‍ ശ്രീകാന്ത് (23), മണ്ണഞ്ചേരി, പാലയ്ക്കല്‍ വീട്ടില്‍ ജോമോൻ (37) എന്നിവരെയാണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സൗത്ത് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. കേരളത്തിന് പുറത്തു നിന്ന് ട്രെയിനിൽ എത്തിയ ഇവരെ സംശയത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചെങ്കിലും ബാഗുകളിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെത്താനായില്ല. ശരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ശ്രീകാന്തിനെ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് മലദ്വാരത്തിലൂടെ ഒളിപ്പിച്ചു കൊണ്ടുവന്ന എംഡിഎംഎ സിപ്പ് ലോക്കിൽ സെലോ ടെപ്പിട്ട് മറച്ചുവച്ച നിലയിൽ കണ്ടെത്തിയത്.
പൊലീസിന്റെ ചോദ്യംചെയ്യലിൽ പല പ്രാവശ്യം ഇങ്ങനെ ലഹരി വസ്തുക്കൾ കടത്തിയിട്ടുണ്ടെന്നും, ആദ്യമായാണ് പിടിയിലാകുന്നതെന്നും പ്രതികൾ പറഞ്ഞു. ജോമോൻ മുൻപ് ഒരു കൊലപാതക ശ്രമക്കേസിൽ പ്രതിയാണെന്നും, ശ്രീകാന്ത് നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ബി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും, ആലപ്പുഴ ഡിവൈഎസ്‌പി മധു ബാബുവിന്റെ നേതൃത്വത്തിൽ സിഐ റെജി രാജ്, എസ്ഐ ഉണ്ണികൃഷ്ണൻ നായർ, സിപിഐ ബിനു, ഫിറോസ്, ജിനാസ് എന്നിവരും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.