കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകം ജോലിയിൽ പ്രവേശിച്ച് ചേര്‍ത്തല സ്വദേശി അനുരാഗ്…എത്തിയത് മാതാപിതാക്കൾക്കൊപ്പം…
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കഴകം ജോലിയിൽ പ്രവേശിച്ച് ചേര്‍ത്തല സ്വദേശി അനുരാഗ്. ഉച്ചയ്ക്ക് രണ്ടുമണിയോടെ രക്ഷിതാക്കള്‍ക്കൊപ്പം എത്തിയാണ് അനുരാഗ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ രാധേഷിന് മുമ്പാകെ ജോലിയില്‍ പ്രവേശിച്ചത്. ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ദേവസ്വം ഓഫീസില്‍ നിന്നുള്ള സത്യവാങ്ങ്മൂലവും എഴുതി ഒപ്പിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കൈമാറുകയും ചെയ്തു. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിയില്‍ നിയമിച്ചിരുന്ന തിരുവനന്തപുരം ആര്യനാട് സ്വദേശി ബി എ ബാലു രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. ഈഴവ വിഭാഗത്തില്‍ നിന്നുള്ള ബാലുവിനെ ജോലിയില്‍ പ്രവേശിപ്പിച്ചത് തന്ത്രിമാര്‍ എതിര്‍ക്കുകയും വിവാദമാവുകയും ചെയ്തിരുന്നു. പിന്നാലെയാണ് അനുരാഗിന്‍റെ നിയമനം. അനുരാഗ് ഈഴവ സമുദായത്തില്‍ നിന്നുള്ള അംഗം തന്നെയാണ്.
ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമിക്കുന്നയാള്‍ക്ക് ജോലിയില്‍ പൂര്‍ണ്ണ പരിരക്ഷയും പിന്തുണയും നല്‍കുമെന്ന് ദേവസ്വം ചെയര്‍മാന്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് പറഞ്ഞു. അനുരാഗിനെ അഭിനന്ദിക്കാനും പിന്തുണയറിയിക്കാനും സിപിഐ, എസ്എന്‍ഡിപി, കെപിഎംഎസ് അടക്കമുള്ള സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ദേവസ്വം ഓഫീസിലെത്തിയിരുന്നു.