ആദായ നികുതി റിട്ടേൺ സമർപ്പിച്ചില്ലേ?.. ഇന്ന് അവസാനദിവസം..

2024- 25 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) പിഴയില്ലാതെ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ആറ് കോടിയിലധികം റിട്ടേണുകള്‍ ഇതുവരെ ലഭിച്ചതായാണ് ആദായ നികുതി വകുപ്പ് അറിയിച്ചിരിക്കുന്നത്. ഐടിആര്‍ ഫയലിങ്, നികുതി അടക്കല്‍, മറ്റ് അനുബന്ധ സേവനങ്ങള്‍ എന്നിവക്കായി നികുതിദായകരെ സഹായിക്കാനായി 24 മണിക്കൂറും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കൂടാതെ കോളുകള്‍, ലൈവ് ചാറ്റുകള്‍, വെബ്എക്സ് സെഷനുകള്‍, ട്വിറ്റര്‍/എക്സ് എന്നിവയിലൂടെ പിന്തുണ നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ജൂലൈ 31നകം റിട്ടേണ്‍ ഫയല്‍ ചെയ്യണമായിരുന്നെങ്കിലും ഫോമില്‍ വരുത്തിയ ചില മാറ്റങ്ങള്‍ കാരണം ഇത്തവണ സെപ്റ്റംബര്‍ 15 വരെ സമയം അനുവദിക്കുകയായിരുന്നു. അതേസമയം, റിട്ടേണ്‍ ഫയലിങ് മന്ദഗതിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷം ജൂലൈ 31 വരെ 7.28 കോടി ഐടിആറുകളാണ് ഫയല്‍ ചെയ്തത്. ഐടിആര്‍ പോര്‍ട്ടലില്‍ സാങ്കേതിക പ്രശ്നങ്ങളുമുണ്ട്. സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ പ്രഫഷനല്‍ അസോസിയേഷനുകള്‍ ധനമന്ത്രി നിര്‍മല സീതാരാമന് കത്തെഴുതിയിട്ടുണ്ട്. ആദായനികുതി പോര്‍ട്ടലിലെ തകരാറുകള്‍, ഐടിആര്‍ പ്രോസസ്സിങ്ങിലെ കാലതാമസം, റീഫണ്ട് സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലെ പ്രശ്‌നങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി നിരവധി നികുതിദായകരും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുമാണ് സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെടുന്നത്. കൂടുതല്‍ സമയം അനുവദിച്ചില്ലെങ്കില്‍ പലരും തെറ്റായ റിട്ടേണുകള്‍ ഫയല്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നും അവര്‍ വാദിക്കുന്നു.

ഈ വര്‍ഷം സര്‍ക്കാര്‍ ഇനിയും സമയപരിധി നീട്ടാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. നിശ്ചിത സമയത്തിനകം ഐടിആര്‍ ഫയല്‍ ചെയ്തില്ലായെങ്കില്‍ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 234എഫ് പ്രകാരമുള്ള പിഴകള്‍ക്ക് കാരണമാകും. കൂടാതെ റിട്ടേണ്‍ വൈകി സമര്‍പ്പിച്ചാല്‍ റീഫണ്ടുകളും വൈകിയേക്കാം.

Related Articles

Back to top button