‘കോണ്‍ഗ്രസിനെ ഇനി വിശ്വസിക്കില്ല’.. കെപിസിസി അധ്യക്ഷനും ടി സിദ്ദീഖും പറയുന്നത് പരസ്പരവിരുദ്ധമായ കാര്യങ്ങൾ…

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കൂടുതൽ ഗുരുതരമായ ആരോപണങ്ങളുമായി പദ്മജ.ആത്മഹത്യ ചെയ്ത എൻഎം വിജയന്‍റെ മരുമകള്‍ പത്മജ കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചെന്നാരോപിച്ച് ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കൈഞരമ്പ് മുറിച്ച ഇവര്‍ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് കോണ്‍ഗ്രസിനെ ഇനി വിശ്വസിക്കില്ലെന്ന് ആവർത്തിച്ചിരിക്കുന്നത്.കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചുവെന്നും ഇനി വിശ്വസിക്കില്ലെന്നും ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കില്ലെന്നും പത്മജ പറഞ്ഞു.

കരാര്‍ പ്രകാരം ഇനി അഞ്ചു ലക്ഷം രൂപ തരാനുണ്ട്. ഇതിനുപുറമെ വീടിന്‍റെ ആധാരം ബാങ്കിൽ നിന്ന് എടുത്ത തരാമെന്നും കരാറിലുണ്ട്. വായ്പയെടുത്താണ് ബിസിനസ് തുടങ്ങിയത്. അതിനായി കോണ്‍ഗ്രസ് തന്ന പണം ഉപയോഗിച്ചിട്ടില്ല. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പറയുന്നത് കരാര്‍ ഇല്ലെന്നാണ് സിദ്ദീഖ് എംഎൽഎ പറയുന്നത് കരാര്‍ ഉണ്ടെന്നാണ്. ഇരുവരും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. ഇക്കാര്യത്തിൽ ആദ്യം അവര്‍ വ്യക്തത വരുത്തട്ടെ. കരാറിലൂടെ നൽകിയ വാഗ്ദാനം പാലിച്ചില്ല. ഉപസമിതിയിൽ പെട്ടുപോയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നോട് പറഞ്ഞിരുന്നു. കോൺഗ്രസ് നേതൃത്വത്തെ ഇനി വിശ്വസിക്കുന്നില്ല. സംഭവങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകും. നിരാഹാര സമരം നടത്താനും ആലോചിക്കുന്നുവെന്നും പത്മജ പറഞ്ഞു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കരാര്‍ പഠിക്കാൻ വേണ്ടി കൊണ്ടുപോയെന്നാണ് പറഞ്ഞത്. തങ്ങള്‍ അറിയാതെ കരാര്‍ മാറ്റി. അത് ചോദിച്ചപ്പോള്‍ രോഷത്തോടെയാണ് നേതാക്കള്‍ പ്രതികരിച്ചതെന്നും പത്മജ പറഞ്ഞു.

Related Articles

Back to top button