വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എത്തുമോ…
തിരുവനന്തപുരം: വിവാദങ്ങള്‍ കത്തിനില്‍ക്കെ നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും. ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തുമോ എന്നതാണ് പ്രധാന ചർച്ച വിഷയം. രാഹുൽ സഭയിൽ എത്തിയാൽ നേരത്തെ പിവി അൻവർ ഇരുന്ന പ്രത്യേക ബ്ലോക്കിലായിരിക്കും ഇരിപ്പിടം. സർക്കാരിനെതിരെ നിരവധി ആയുധങ്ങളുണ്ടെങ്കിലും രാഹുൽ വിവാദത്തിൽ പ്രതിപക്ഷം പ്രതിരോധത്തിലാണ്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് ഒഴിവാക്കിയെന്ന് പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് കത്ത് നൽകി. എന്നാൽ രാഹുലിനോട് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് പറയാന്‍ സാധിക്കില്ല. രാഹുല്‍ സഭയില്‍ എത്തുകയാണെങ്കില്‍ എങ്ങനെയായിരിക്കും ഭരണപക്ഷത്തിന്‍റെ പ്രതികരണം, പ്രതിഷേധമുണ്ടായാൽ കോൺഗ്രസ് കവചമൊരുക്കുമോ? തുടങ്ങിയ നിരവധി കാര്യങ്ങളാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഭരണപക്ഷത്ത് ആരോപണവിധേരായ മുകേഷും ശശീന്ദ്രനും ഉള്ളപ്പോൾ ഒരുപരിധിക്കപ്പുറം കടന്നാക്രമണത്തിന് ഭരണപക്ഷത്തിനും പരിമിതിയുണ്ട്.