‘മാതൃത്വത്തെ വ്രണപ്പെടുത്തുന്നത്’.. മോദിയുടേയും അമ്മയുടേയും എഐ വിഡിയോ..കോൺഗ്രസിനെതിരെ പൊലീസില്‍ പരാതി നല്‍കി ബിജെപി….

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമ്മയെയും ഉള്‍പ്പെടുത്തി എഐ വിഡിയോ പുറത്തിറക്കിയ സംഭവത്തില്‍ കോണ്‍ഗ്രസിനും പാര്‍ട്ടി ഐടി സെല്ലിനുമെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്. ബിജെപി ഡല്‍ഹി ഇലക്ഷന്‍ സെല്‍ കണ്‍വീനര്‍ സങ്കേത് ഗുപ്ത നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തന്നെ വോട്ടിന് വേണ്ടി ഉപയോഗിക്കരുതെന്ന് സ്വപ്നത്തില്‍ മോദിയോട് അമ്മ അപേക്ഷിക്കുന്നതാണ് വീഡിയോ. ബിഹാര്‍ കോണ്‍ഗ്രസ് ആണ് വീഡിയോ പുറത്തിറക്കിയത്. ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ തനിക്കും അമ്മയ്ക്കും നേരെ അധിക്ഷേപകരമായ പരാമര്‍ശങ്ങളുണ്ടായെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദം. സ്വപ്നത്തില്‍ മരിച്ചുപോയ അമ്മയോട് സാമ്യമുള്ള എഐ കഥാപാത്രം മോദിയുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് രാഷ്ട്രീയത്തില്‍ തന്റെ പേര് ഉപയോഗിച്ചതിന് അദ്ദേഹത്തെ കര്‍ശനമായി ശാസിക്കുന്നു. മോദിയോട് സാമ്യമുള്ള എ ഐ കഥാപാത്രം ഇത് കേട്ട് ഞെട്ടലോടെ ഉണരുന്നതോടെയാണ് രംഗം അവസാനിക്കുന്നത്.

അതേസമയം, പ്രധാനമന്ത്രിയോടോ അദ്ദേഹത്തിന്റെ മാതാവിനോടോ ഒരു അനാദരവും കാണിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഒരു അമ്മ മകനെ ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് എങ്ങനെയാണ് അനാദരവാകുന്നതെന്ന് കോണ്‍ഗ്രസിന്റെ മാധ്യമ, പ്രചാരണ വിഭാഗം തലവന്‍ പവന്‍ ഖേര ചോദിച്ചു.

Related Articles

Back to top button