‘നീ എന്നെങ്കിലും ആ കാക്കി ഊരിയാൽ, പൊന്നുമോനെ ഷാജഹാനേ നീ പുറത്ത് ഇറങ്ങിക്കഴിഞ്ഞാൽ മുട്ടുകാൽ കെ.എസ്.യു കമ്മിറ്റി അടിച്ചൊടിക്കും….
കെഎസ്യു നേതാക്കളെ വിലങ്ങും മുഖം മൂടിയും ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് തൃശൂർ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേയ്ക്ക് കെഎസ് യു നടത്തിയ മാർച്ചിൽ സംഘർഷം. എസ്എച്ച്ഒ ഷാജഹാനെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു കെഎസ് യു പ്രവർത്തകരുടെ പ്രതിഷേധം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറാണ് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തത്. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന്റെയും വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാന്റെയും കോലം കത്തിക്കുകയും ചെയ്തു. അതിനിടെ, പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പൊതുയോഗത്തിൽ എസ്എച്ച്ഒയ്ക്ക് നേരെ ഭീഷണി ഉയർത്തി കെഎസ്യു നേതാവ് ഗോകുൽ ഗുരുവായൂർ രംഗത്തെത്തി. പൊലീസിനെ വെല്ലുവിളിച്ചും എസ്എച്ച്ഒയ്ക്ക് എതിരെ അസഭ്യവർഷം നടത്തിയുമായിരുന്നു കെ എസ് യു നേതാവിന്റെ പ്രസംഗം. ‘നീ എന്നെങ്കിലും ആ കാക്കി ഊരിയാൽ, പൊന്നുമോനെ ഷാജഹാനേ നീ പുറത്ത് ഇറങ്ങിക്കഴിഞ്ഞാൽ മുട്ടുകാൽ കെ.എസ്.യു കമ്മിറ്റി അടിച്ചൊടിക്കും. പിണറായി വിജയൻ വന്ന് നിന്നാലും നിന്നെ പണിയും. അതിന് ഇനി 90 അല്ല 200 അല്ല ജീവിതകാലം മുഴുവൻ ജയിലിൽ അടക്കപ്പെട്ടാലും നിന്നെ വിടില്ല.’ എന്നിങ്ങനെയായിരുന്നു ഗോകുലിന്റെ ഭീഷണി.
എസ്എഫ്ഐ നേതാക്കളെ ആക്രമിച്ചെന്ന കേസിൽ കൊയിലാണ്ടിയിൽനിന്ന് പിടികൂടിയ മൂന്ന് കെഎസ്യു നേതാക്കളെ വ്യാഴാഴ്ച രാത്രിയാണ് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തിച്ചത്. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേശ് ആറ്റൂർ, കിള്ളിമംഗലം ഗവ. കോളേജ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അസ്ലം, ഒറ്റപ്പാലം കോളേജിലെ കെ എസ് യു യൂണിറ്റ് ഭാരവാഹി അൽഅമീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു മുഖം മറച്ച്, വിലങ്ങണിയിച്ച് നേതാക്കളെ കോടതിയിൽ കൊണ്ടുവന്നത്. പ്രതികളെ റിമാൻഡ് ചെയ്ത മജിസ്ട്രേറ്റ് നസീബ് എ. അബ്ദുൾറസാക്ക്, എന്തിനാണിവരെ മുഖം മറച്ച് വിലങ്ങണിയിച്ച് ഹാജരാക്കിയതെന്ന് ആരാഞ്ഞിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ജിജേഷ് ആശുപത്രിയിൽ ചികിത്സയിലാണ്.