പതിനേഴുകാരന് മസ്തിഷ്ക ജ്വരം.. ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ പൂൾ പൂട്ടി..

സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. തുടർന്ന് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ് പതിനേഴുകാരന് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഈ കുട്ടി സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിം​ഗ് പൂളിലെത്തി കുളിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൂളിലെ വെള്ളം പരിശോധിക്കാനുള്ള ആരോ​ഗ്യവകുപ്പിൻ്റെ നീക്കം. ഇതോടെ സംസ്ഥാനത്ത് നിരവധി ജില്ലകളിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു കഴിഞ്ഞു.

അതേസമയം, അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ കണക്കുകളിൽ ഒടുവിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ് രം​ഗത്തെത്തി. ഈ വർഷം 66 പേർക്ക് രോഗബാധ ഉണ്ടായെന്നും 17 പേർ മരിച്ചെന്നും സ്ഥിരീകരിച്ചു. പുതിയ കണക്ക് പ്രസിദ്ധീകരിച്ചു. തുടർച്ചയായി മരണം റിപ്പോർട്ട് ചെയ്തിട്ടും 2 മരണം മാത്രമായിരുന്നു ഇതുവരെ ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക കണക്കിൽ ഉണ്ടായിരുന്നത്. ഈ കണക്കുകളിലെ അവ്യക്തത ഏഷ്യാനെറ്റ് ന്യൂസ് ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് തിരുത്തലുമായി ആരോ​ഗ്യവകുപ്പ് എത്തിയത്.

ആകെ 66 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 2 കേസുകൾ റിപ്പോർട്ട് ചെയ്തു. ഈ മാസം ആകെ 19 പേർക്ക് രോഗബാധയും 7 മരണവും സ്ഥിരീകരിച്ചു. മസ്തിഷ്ക ജ്വര കേസുകളിൽ എല്ലാം അമീബിക്ക് മസ്തിഷ്ക ജ്വരമാണോ എന്ന പരിശോധന കേരളം നടത്തുന്നുണ്ട്. പിന്നെ എന്ത് കൊണ്ടാണ് ഇത്രയും ദിവസവും സംശയകണക്കിൽ പെടുത്തി മരണം മറച്ചുവച്ചത് എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. രോഗബാധ പ്രതിരോധത്തിന് കണക്കുകളിലെ വ്യക്തത അനിവാര്യമാണ്.

Related Articles

Back to top button