ചെണ്ടമേളവും കൊട്ടുപാട്ടും; കോന്നി മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിന് സമീപം എംബിബിഎസ് വിദ്യാർഥികളുടെ വൻ ഓണാഘോഷം
പത്തനംതിട്ടയിൽ രോഗികളെ ബുദ്ധിമുട്ടിലാക്കി കോന്നി മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിന് സമീപമുണ്ടായ ഓണാഘോഷം. എംബിബിഎസ് വിദ്യാർത്ഥികളാണ് ചെണ്ടമേളം അടക്കം ഉൾപ്പെടുത്തി ഓണാഘോഷം സംഘടിപ്പിച്ചത്. വലിയ ആഘോഷമാണ് നടത്തിയതെന്നും ഇത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നുമാണ് ഉയരുന്ന ആരോപണം. വലിയ ശബ്ദത്തോടെയുള്ള ആഘോഷത്തിൽ ബുദ്ധിമുട്ട് നേരിട്ടെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറഞ്ഞു. ആശുപത്രിക്ക് മുന്നിൽ ഓണാഘോഷം നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നേരത്തെ, വയനാട്ടിൽ ആരോഗ്യമന്ത്രിയുൾപ്പെടെ പങ്കെടുത്ത പരിപാടിയിലെ ആഘോഷം വിവാദമായിരുന്നു. ഇതിന് ശേഷം ആശുപത്രികളിൽ ഇത്തരത്തിലുള്ള ആഘോഷങ്ങൾ നടത്തരുത് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ന് രാവിലെ പത്തരയ്ക്ക് ശേഷമാണ് ഓണാഘോഷം സംഘടിപ്പിച്ചത്. അത്യാഹിത വിഭാദഗത്തിൻ്റെ മുന്നിൽ നിന്ന് ചെണ്ടമേളത്തോടുകൂടി ഓപ്പൺ ജീപ്പിൽ മാവേലിയുമുൾപ്പെടെ ആയിരുന്നു ഘോഷയാത്ര. കാഷ്വാലിറ്റിയുടെ മുന്നിൽ ഏറെ നേരം നീണ്ടുനിന്നതായിരുന്നു ആഘോഷം. ഇവിടെ നിന്ന് പിന്നീട് ക്യാംപസിലേക്ക് പോവുകയായിരുന്നു. ഓണാഘോഷത്തിനെതിരെ സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെ പറഞ്ഞിട്ടും അനുസരിച്ചില്ലെന്നാണ് വിവരം. ഓണാഘോഷം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബുദ്ധിമുട്ടുണ്ടാക്കിയെന്നാണ് ഉയർന്നുവരുന്ന ആക്ഷേപം.
അതേസമയം, കോളേജ് യൂണിയനും വിദ്യാർത്ഥികളും പരാതി തള്ളി. ആർക്കും ബുദ്ധിമുട്ടുണ്ടാക്കിയില്ലെന്നാണ് വിദ്യാർത്ഥികളുടെ വിശദീകരണം