‘എന്തൊക്കെ സംഭവിച്ചാലും ശരി രാഹുല്‍ മാങ്കൂട്ടത്തിലിന് കവചം തീർക്കും’.. മാങ്കൂട്ടത്തിലിന് ഇനി കിട്ടുക ‘നിലമ്പൂരാന്റെ’ സീറ്റ്…
രാഹുല്‍ മാങ്കൂട്ടത്തിലിന് കവചം തീർക്കുമെന്ന് കോൺഗ്രസ് പാലക്കാട് നഗരസഭാ കൗണ്‍സിലര്‍. കോൺഗ്രസ് കൗൺസിലർ മൻസൂർ മണലാഞ്ചേരിയാണ് രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയത്. രാഹുലിനെതിരായ നേതാക്കൾക്കെതിരെയും മന്‍സൂര്‍ വിമർശനം ഉന്നയിച്ചു. രാഹുലിനെ ആക്രമിക്കുന്നത് പാർട്ടിയെ തളർത്തുമെന്നാണ് മൻസൂറിന്റെ ആരോപണം. മണ്ഡലത്തിൽ എത്തിയാൽ കോൺഗ്രസുകാർ രാഹുലിന് പ്രതിരോധ കവചം തീർക്കുമെന്നും മൻസൂർ പ്രതികരിച്ചു.
അതേസമയം ലൈംഗിക ആരോപണങ്ങൾ നേരിട്ട് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ വരുന്നതിനെ ചൊല്ലി കോണ്‍ഗ്രസിൽ തര്‍ക്കം തുടരുകയാണ്.സഭയിൽ വരേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു നില്‍ക്കുകയാണ് വി.ഡി സതീശൻ. എന്നാൽ എ ഗ്രൂപ്പിനും പാർട്ടിയിൽ ഒരു വിഭാഗത്തിനും രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ വരട്ടെയെന്ന നിലപാടാണ് ഉള്ളത്. അതിനിടെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ യുഡിഎഫ് അംഗങ്ങള്‍ക്കു പുറത്തു പ്രത്യേക ബ്ലോക്ക് അനുവദിക്കും. പ്രതിപക്ഷ അംഗങ്ങളുടെ നിരയ്ക്കു പിന്നിലായി നേരത്തെ നിലമ്പൂരില്‍ നിന്നുള്ള പി.വി. അന്‍വറിന് അനുവദിച്ച സീറ്റാകും രാഹുലിനു നല്‍കുക.
കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത വിവരം അറിയിച്ചു കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവു കൂടിയായ വി.ഡി. സതീശന്, സ്പീക്കര്‍ക്കു കത്തു നല്‍കിയത്. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിനു രാഹുല്‍ എത്തുമോ എന്നതാണ് ഇനി നിര്‍ണ്ണായകം. നിലവില്‍ യുഡിഎഫിന്റയും എല്‍ഡിഎഫിന്റേയും അംഗങ്ങള്‍ മാത്രമാണ് സഭയിലുള്ളത്. ഇതിനിടെയാണ് പ്രത്യേക ബ്ലോക്ക് വരുന്നത്. സിപിഎമ്മുമായി തെറ്റിയ അന്‍വറും പ്രത്യേക ബ്ലോക്കായി കുറച്ചു കാലം സഭയിലുണ്ടായിരുന്നു. അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചതോടെ ഈ സാഹചര്യം മാറുകയും ചെയ്തു. പക്ഷേ അപ്രതീക്ഷിത രാഷ്ട്രീയ വിവാദങ്ങളില്‍ വീണ്ടും പ്രത്യേക ബ്ലോക്ക് സഭയില്‍ എത്തുകയാണ്.
രാഹുൽ സഭയിൽ എത്താന്‍ സാധ്യത കുറവാണെന്നാണു വിലയിരുത്തല്‍. ലൈംഗിക പീഡന ആരോപണങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കമാണ്ട് നിര്‍ദ്ദേശത്തിനായി കാത്തിരിക്കുകയാണ്. ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷ തീരുമാനം. സംസ്ഥാനവ്യാപകമായി അരങ്ങേറുന്ന പോലീസ് അതിക്രമവും നേതാക്കളുടെ മാസപ്പടി ആരോപണങ്ങളും അടക്കം നിരവധി വിഷയങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ രാഹുല്‍ എത്തിയാല്‍ ഭരണപക്ഷം അതിനെ മറ്റ് പല രീതിയിലേക്കും കൊണ്ടു പോകും. രാഹുലിനെ ഭരണപക്ഷം കൈയേറ്റം ചെയ്താല്‍ യുഡിഎഫ് സംരക്ഷണം ഒരുക്കുമോ എന്ന ചോദ്യത്തിന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞത് നിയമസഭാംഗത്തിന് സുരക്ഷ ഒരുക്കേണ്ടത് സ്പീക്കറുടെ ഉത്തരവാദിത്വമാണെന്നായിരുന്നു.