മന്ത്രിസ്ഥാനം രാജിവെപ്പിച്ചത് സീസൺ വൺ.. സീസൺ 2 നാളെ മുതൽ ആരംഭിക്കും.. ജലീലിനെതിരെ ആഞ്ഞടിച്ച് ഫിറോസ്…

കെ.ടി ജലീലിനെതിരെ വിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. ജലീൽ നടക്കില്ല എന്ന് പറഞ്ഞ കാര്യങ്ങളെല്ലാം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഫിറോസ് പറഞ്ഞു. ലീഗിന്റെ ദേശീയ ആസ്ഥാന മന്ദിരത്തിന്റെ പണി ഒരിക്കലും പൂർത്തിയാവില്ല എന്നായിരുന്നു വാദം. അവിടെ പണി പൂർത്തിയായി ഉദ്ഘാടനം നടത്തി. വയനാട്ടിൽ ലീഗ് വാങ്ങിയ സ്ഥലത്ത് പുനരധിവാസ പാക്കേജ് നടപ്പാക്കാൻ കഴിയില്ല എന്നായിരുന്നു പിന്നീട് പറഞ്ഞത്. അവിടെ 100 വീടുകൾക്ക് സാദിഖലി തങ്ങൾ തറക്കല്ലിട്ടു.പി.കെ ഫിറോസിന് ഒരു പണിയുമില്ല, ഒരു വരുമാനവുമില്ലാത്ത ഫിറോസ് എങ്ങനെ വീടുണ്ടാക്കി എന്നായിരുന്നു ആദ്യം ചോദിച്ചത്. ഇപ്പോൾ തനിക്ക് നിരവധി ബിസിനസ് ഉണ്ട്, ലക്ഷങ്ങൾ വരുമാനമുണ്ട് എന്നാണ് പറയുന്നത്. അങ്ങാടിയിൽ തോറ്റതിന് മുണ്ട് പൊക്കി കാണിക്കുന്ന ഒരു അൽപ്പനെയാണ് കാണുന്നത് എന്നും ഫിറോസ് പരിഹസിച്ചു.

തനിക്കെതിരെ ഇഡിയിൽ പരാതി കൊടുക്കുമെന്നാണ് ജലീൽ പറയുന്നത്. ഇഡിക്ക് അല്ല സിബിഐക്ക് പരാതി കൊടുത്താലും തന്റെയോ ഒരു യൂത്ത് ലീഗ് പ്രവർത്തകന്റെയോ രോമത്തിൽ തൊടാനാവില്ലെന്നും ഫിറോസ് പറഞ്ഞു.ഒന്നാം പിണറായി സർക്കാരിൽ ജലീലിന്റെ മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് സീസൺ വൺ ആയിരുന്നു. എംഎൽഎ സ്ഥാനം രാജിവെപ്പിക്കുന്ന സീസൺ ടു നാളെ യൂത്ത് ലീഗ് ആരംഭിക്കുമെന്നും ഫിറോസ് പറഞ്ഞു. മലപ്പുറം പൂക്കോട്ടൂരിൽ യൂത്ത് ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഫിറോസ്.

Back to top button