വന്ദേഭാരതിൽ ജീവൻരക്ഷാദൗത്യം…13 വയസുകാരിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ…
വന്ദേഭാരതിൽ ജീവൻ രക്ഷാദൗത്യം. 13 വയസുകാരിയെ ഹൃദയമാറ്റ ശസ്ത്രക്രിയക്കായി വന്ദേഭാരതിൽ എറണാകുളത്തേക്ക് കൊണ്ടുപോകുകയാണ്. കൊല്ലം അഞ്ചൽ ഏരൂർ സ്വദേശിയായ പെൺകുട്ടിയെ ഏഴ് മണിയോടെ ലിസി ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ദൗത്യം. തിരുവനന്തപുരം ശ്രീചിത്രയിലായിരുന്നു പെൺകുട്ടി ചികിത്സയിൽ കഴിഞ്ഞിരുന്നത്. എറണാകുളം ലിസി ഹോസ്പിറ്റലിലും ചികിത്സ തേടിയിരുന്നു. ഹൃദയശസ്ത്രക്രിയക്കുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായി ഇന്ന് ഉച്ചയോടെയാണ് അറിയിപ്പ് എത്തിയത്. അടിയന്തരമായി എത്തണമെന്ന് അറിയിച്ചതോടെ എയർ ആംബുലൻസിന്റെ സഹായം തേടിയെങ്കിലും അത് കിട്ടാതെ വന്നതോടെയാണ് ട്രെയിൻ മാർഗം എറണാകുളത്തേക്ക് പോകാൻ കുടുംബം തീരുമാനിക്കുന്നത്.
എൻകെ പ്രേമചന്ദ്രൻ എംപിയുടെ സഹായത്തോടെയാണ് വന്ദേഭാരതിൽ യാത്രാസൗകര്യം ഒരുക്കിയത്. 4.55 ന് വന്ദേഭാരത് കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തും. രാത്രി 7 മണിയോടെ എറണാകുളത്ത് എത്തും. സുമനസുകളുടെ സഹായത്തോടെയാണ് നിർധന കുടുംബം ശസ്ത്രക്രിയക്കുള്ള പണം സ്വരുക്കൂട്ടിയത്.